ഇസ്രയേലിലെ 80% പലസ്തീന് തടവുകാര്‍ക്കും ഗുരുതര ത്വക്ക് രോഗം; ചികിത്സ നിഷേധിക്കുന്നതായി പരാതി

ടെല്‍ അവീവ്: ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള പലസ്തീന് തടവുകാരില്‍ 80 ശതമാനത്തോളം പേരും സ്കേബീസ് (ചൊറി പോലുള്ള ഒരു തരം ത്വക്ക് രോഗം) രോഗബാധിതരാണെന്ന് പലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റി (Palestinian Priosner Society). നിലവില്‍ തടവില്‍ കഴിയുന്നവരോടും മോചിതരായവരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘടന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒക്ടോബര്‍ മാസത്തിലും നവംബര്‍ ആദ്യവാരത്തിലുമായി സംഘടനയുടെ ലീഗല്‍ ടീം നിരവധി തടവുകാരെ സന്ദര്‍ശിച്ചിരുന്നു. ആവശ്യത്തിന് വസ്ത്രങ്ങളില്ലാത്തതും തടവറകളിലെ അമിത തിരക്കും രോഗം അതിവേഗം പടരാന്‍ കാരണമായെന്നും ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നില്ലെന്നും പ്രിസണര്‍ സൊസൈറ്റി ചൂണ്ടിക്കാട്ടി. പീഡനം, പട്ടിണി, വൈദ്യസഹായം നിഷേധിക്കല്‍ എന്നിവ ഇസ്രയേല്‍ ജയില്‍ അധികൃതരുടെ വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണെന്ന് മോചിതരായവരുടെയും തടവുകാരുടെയും അനുഭവങ്ങള്‍ വ്യക്തമാക്കുന്നു.
ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസിന്റെ പ്രത്യേക വിഭാഗങ്ങള്‍ നായ്ക്കളുമായും റബ്ബര്‍ ബുള്ളറ്റുകളുമായും മറ്റ് ആയുധങ്ങളുമായും സെല്ലുകളിലേക്ക് അതിക്രമിച്ചു കയറുന്നതായി തടവുകാര്‍ പറഞ്ഞു. ആക്രമണങ്ങളില്‍ പൊള്ളലേറ്റതായും താത്കാലികമായി ചലനശേഷി നഷ്ടപ്പെട്ടതായും ചില തടവുകാര്‍ വ്യക്തമാക്കുന്നു.ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് പല്ലുകള്‍ കൊഴിയുക, വാരിയെല്ലുകള്‍ക്ക് പൊട്ടലേല്ക്കുക, ശരീരത്തിലാകെ കടുത്ത മുറിവുകള്‍ ഉണ്ടാകുക എന്നിവ സാധാരണ സംഭവമായി മാറിയിട്ടുണ്ട്. ചില ജയില്‍ വിഭാഗങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ വീതം ഇത്തരം റെയ്ഡുകള്‍ നടക്കാറുണ്ട്. സന്ദര്‍ശനത്തിനായി കൊണ്ടുപോകുന്ന വഴിയില്‍പ്പോലും അതിക്രൂരമായി മര്‍ദിക്കുന്നതിനാല്‍ പല തടവുകാരും കാര്യങ്ങള്‍ തുറന്നുപറയാന്‍ ഭയപ്പെടുന്നു; അതിനാല്‍ ഇവരുടെ സുരക്ഷ മുന്‍നിര്‍ത്തി പേരുകളുടെ ചുരുക്കെഴുത്തുകള്‍ മാത്രമാണ് സൊസൈറ്റി പുറത്തുവിട്ടത്.
ദക്ഷിണ ഇസ്രയേലിലെ നെഗേവ് ജയിലില്‍ കഴിയുന്ന തടവുകാരുടെ സാക്ഷ്യങ്ങള്‍ മറ്റ് ജയിലുകളിലെയും സമാനമായ അവസ്ഥ നില്ക്കുന്നു.
എ ബി എന്ന് പേരുനല്കിയ തടവുകാരന് പറയുന്നതിനുസരിച്ച് റെയ്ഡിനിടെ കൈയിലെ ഞരമ്പുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഒക്ടോബര്‍ 28ന് രാവിലെ ഏഴ് മണിക്ക് 24ാം സെക്ഷനിലും 26ാം സെക്ഷനിലും നടപ്പിലാക്കിയ ആക്രമണത്തില്‍ എം കെയെന്ന തടവുകാരന്റെ നിരവധി പല്ലുകള്‍ തകര്‍ന്നു.
തടവുകാരെ വെറും നിലത്തോ ഇരുമ്പ് ബെഞ്ചുകളിലോ ഇരുത്താനായി പകല്‍സമയത്ത് കിടക്കകള്‍ ബോധപൂര്‍വ്വം മാറ്റിയിടുകയാണെന്ന് എം എസ് എന്ന തടവുകാരന് ചൂണ്ടിക്കാട്ടി ഇത് അസ്ഥി സംബന്ധമായ രോഗങ്ങളുള്ള പ്രായമായ തടവുകാര്‍ക്കും രോഗികള്‍ക്കും കടുത്ത ദുരിതമുണ്ടാക്കുന്നു. ഡി എച്ച് എന്ന തടവുകാരന് പറയുന്നതനുസരിച്ച് ഒക്ടോബര്‍ 28ന് 24ാം സെക്ഷനില്‍ നടത്തിയ വന്‍ റെയ്ഡില്‍ ഗ്യാസ് തുറന്നുവിടുകയും റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവെച്ചതില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഉത്തര ഇസ്രയേലിലെ ദാമോന്‍ ജയിലില്‍ കഴിയുന്ന പലസ്തീന് വനിതാ തടവുകാരും സമാനമായ പീഡനങ്ങളാണ് നേരിടുന്നത്. പട്ടിണി, വ്യവസ്ഥാപിത അടിച്ചമര്‍ത്തല്‍, പരിശോധനകളുടെ പേരിലുള്ള ദുരുപയോഗം, അടിസ്ഥാന അവകാശങ്ങളും ആരോഗ്യപരിപാലനവും നിഷേധിക്കല്‍ എന്നിവയിലൂടെ വനിതകളെ അപമാനിക്കുകയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വനിതാ തടവുകാരുടെ എണ്ണം വര്‍ധിച്ചതോടെ തടവറകളിലെ തിരക്കും വസ്ത്രക്ഷാമവും രൂക്ഷമായി. പല വനിതകള്‍ക്കും കൈകാലുകളില്‍ തരിപ്പും ചൊറിയും ചര്‍മ്മത്തില്‍ തടിപ്പും കാരണം ഉറങ്ങാന്‍ കഴിയുന്നില്ല. തടവുകാര്‍ക്ക് സ്കേബീസ് രോഗമില്ലെന്നും കേവലം അലര്‍ജി മാത്രമാണെന്നും പറഞ്ഞ് അധികൃതര്‍ ചികിത്സ നിഷേധിച്ചെങ്കിലും, മോചിതരായ വനിതകളില്‍ നടത്തിയ പരിശോധനകളില്‍ ഇവര്‍ക്ക് സ്കേബീസ് തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
നിലവില്‍ 9,300ലധികം പലസ്തീനികളാണ് ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്നത്; ഇതില്‍ 90ഓളം പേര് സ്ത്രീകളാണ്. പലസ്തീന് തടവുകാരെ ശാരീരികമായും മാനസികമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ നടത്തുന്ന ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അടിയന്തരമായി ഇടപെടണമെന്ന് പലസ്തീനിയന്‍ പ്രിസണര്‍ സൊസൈറ്റി ആവശ്യപ്പെട്ടു.




