ഉറ്റവർക്കായി കാത്ത് കാത്ത് 23 ദിനങ്ങൾ: മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ സർക്കാർ അനാസ്ഥ

ഉറ്റവർക്കായി കൂടെയുള്ളവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് 23 ദിവസമായി. മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിലിൽ സർക്കാർ അനാസ്ഥ തുടരുകയാണ്. തിരച്ചിലിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നും കുടുംബങ്ങൾക്ക് പരാതിയുണ്ട്.
വിഴിഞ്ഞം പുല്ലുവിളയിൽ നിന്ന് കാണാതായ ജോൺ, മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിൻ, നീണ്ടകരയിൽ നിന്ന് അപകടത്തിൽപ്പെട്ട ഗൗതം കൃഷ്ണ ഇവർക്കായാണ് ഇന്നും ഉറ്റവർ കാത്തിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് ഫലപ്രദമായ ഒരു തിരച്ചിൽ നിർണായകമായ ആദ്യ മണിക്കൂറുകളിൽ നടന്നിരുന്നില്ല.
ഒടുക്കം സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ കുഞ്ഞുമായി മഴയത്ത് നടുറോഡിൽ ഇരിക്കേണ്ടി വന്നു ഒരു അമ്മയ്ക്ക്, മറ്റൊരിടത്ത് അച്ഛനുവേണ്ടി അധികാരികൾക്ക് മുൻപിൽ നിസ്സഹായരായി നിൽക്കേണ്ടിവന്ന മക്കൾ. ഇങ്ങനെയെല്ലാം പ്രതിഷേധം അറിയിച്ചു, എന്നിട്ടും കുടുംബം ആവശ്യപ്പെട്ട പ്രകാരം കൃത്യമായ തിരച്ചിൽ നടത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.




