ഗെയിംസ് കഴിഞ്ഞെത്തിയ മൂന്നാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് നിഗമനം

ഡൽഹി: ഡൽഹിയിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. മയൂർ വിഹാർ ഫേസ് രണ്ടിലെ ലവ്ലി ഹെറിറ്റേജ് സ്കൂളിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് ഒമ്പതുവയസുകാരി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണത്.ഗെയിംസ് പിരിഡ് കഴിഞ്ഞ് കുട്ടി ക്ലാസിലേക്ക് നടന്ന് നീങ്ങുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് അധ്യാപിക കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും കുട്ടിയുടെ മുഖത്ത് വെള്ളം തളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയെ നിർമൻ വിഹാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ.




