Uncategorized

സ്വർണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രിയങ്ക, കവർച്ചയ്ക്ക് ഭർത്താവിനെയും മക്കളെയും മറയാക്കി; കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ വഴിത്തിരിവ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ നാടകീയമായ സ്വർണം പൊട്ടിക്കൽ കേസിൽ വീണ്ടും വഴിത്തിരിവ്. സ്വർണം തട്ടിയെടുക്കാനുള്ള ഗൂഢാലോചന പൂർണമായും ആസൂത്രണം ചെയ്തത് സ്വർണം കടത്തിക്കൊണ്ടുവന്ന തലശേരി സ്വദേശിനി പ്രിയങ്ക തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.

ദുബായിൽ വച്ച് ആസൂത്രണം ചെയ്ത ഈ കവർച്ച പദ്ധതിക്കായി ഭർത്താവിനെയും മക്കളെയുമാണ് ഇവർ മറയാക്കിയത്. സംഭവത്തിൽ പ്രിയങ്കയുടെ ഭർത്താവിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം നിരപരാധിയാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

ദുബായിൽ വച്ച് സ്വഫ്‌വാൻ എന്നയാളാണ് സ്വർണം നൽകിയതെന്ന് പ്രിയങ്ക മൊഴി നൽകിയിട്ടുണ്ട്. പ്രിയങ്കയ്‌ക്കൊപ്പം പിടിയിലായ കണ്ണൂർ സ്വദേശികളായ ക്രിമിനൽ സംഘത്തിലെ ശ്രീലാൽ നെടുമ്പാശേരിയിലടക്കം നിരവധി സ്വർണക്കവർച്ചാ കേസുകളിലെ പ്രതിയാണെന്നും, ഇയാൾ പൊട്ടിക്കൽ സംഘത്തിലെ സജീവ അംഗമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

ബുധനാഴ്ച രാവിലെ 11.30ഓടെ ദുബായിൽനിന്ന് 18 പവൻ സ്വർണവുമായി എത്തിയ തലശേരി തിരുവങ്ങാട് സ്വദേശിനി പ്രിയങ്കയുമായി നീല ബൊലേറോ കാർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ പരിസരത്തുനിന്ന് പുറത്തേക്ക് പാഞ്ഞത്. സ്വർണം കൈപ്പറ്റാനെത്തിയ യുവാവ് കാറിന് പിന്നാലെ ഓടുന്നതും ശ്രദ്ധയിൽപ്പെട്ടു.

വിമാനത്താവളത്തിൽ പട്രോളിങ്ങിനും തിങ്കളാഴ്ച നടന്ന കവർച്ചാശ്രമക്കേസിൻ്റെ അന്വേഷണത്തിനുമായി എത്തിയ കരിപ്പൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘവും പ്രത്യേക സ്ക്വാഡും ഉടൻ കാറിനെ പിന്തുടർന്നു. സ്റ്റേഷൻ വാഹനത്തിലും ബൈക്കുകളിലുമായാണ് പൊലീസ് പിന്തുടർന്നത്. വിമാനത്താവളത്തിൽനിന്ന് 12 കിലോമീറ്ററോളം അകലെ പുലിക്കൽ ആന്തിയൂർക്കുന്ന് റോഡിലേക്ക് തിരിഞ്ഞ കാറിനെ സാഹസികമായി തടഞ്ഞുനിർത്തി സംഘത്തെ കീഴടക്കി. നാട്ടുകാരും പൊലീസിനെ സഹായിച്ചു. ബലം പ്രയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button