ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീവച്ചു കൊലപ്പെടുത്തി; യുവാവ് ഒളിവിൽ

ലക്നോ: ഉത്തർപ്രദേശിലെ കണ്ണൗജിൽ ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീവച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി മക്കളുമായി കടന്നുകളഞ്ഞു. സുഖ്ബീർ സിംഗ് (35) എന്ന യുവാവാണ് ഭാര്യ സോനത്തിനെ (30) കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
11 വർഷം മുമ്പ് വിവാഹിതരായവരാണ് സുഖ്ബീർ സിംഗും സോനവും. ഹരിയാനയിലെ ഹിസാറിൽ ജോലി ചെയ്തുവരികയായിരുന്ന സുഖ്ബീർ ഏകദേശം 15 ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്. സോനത്തിന് നാട്ടിലെ ഒരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് സുഖ്ബീർ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞ രണ്ട് ദിവസമായി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ സോനത്തെ കസേരയിൽ കെട്ടിയിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഏഴ് വയസുള്ള മകനും അഞ്ച് വയസുള്ള മകളുമായി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വീടുകൂടി കത്തുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തുകയും പൊലിസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയുമായിരുന്നു. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് ഫയർഫോഴ്സ് തീയണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സോനത്തിന്റെ മൃതദേഹം കണ്ടെടുത്തത്. ഒളിവിൽ പോയ പ്രതിക്കായി പൊലിസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.




