കൊയിലാണ്ടി പോക്സോ കേസ്; വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിക്ക് ഹൈക്കോടതിയിൽ തിരിച്ചടി, ജാമ്യ ഉത്തരവിൽ സ്റ്റേ ഇല്ല

കോഴിക്കോട്: കൊയിലാണ്ടി പോക്സോ കേസില്‍ പ്രതി അബ്ദുൽ റഫീഖിന് ഹൈക്കോടതിയിൽ തിരിച്ചടി. ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പുറപ്പെടുവിച്ച ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെയായിരുന്നു പ്രതിയുടെ ഹർജി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. കേസില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി രക്ഷപ്പെട്ടതിന് പിന്നിൽ പോലീസിന്‍റെ അനാസ്ഥ എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. ജാമ്യം റദ്ദാക്കിയ ശേഷവും പ്രതിയായ ചങ്ങരോത്ത് റഫീഖിനെ പിടികൂടാൻ ആവാത്തതാണ് നാട്ടുകാരുടെ അമർഷത്തിന് കാരണം. കേസടുത്തതിന് പിറകെ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി, പിന്നീട് ജാമ്യം കിട്ടിയതിനുശേഷം ആണ് നാട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്നത് വരേ സമരം തുടരാനാണ് നാട്ടുകാരുടെ നീക്കം.
പോക്സോ കേസ് പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചു എന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി വടകര എസ്പി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. വടകര സ്വദേശിയും ഗള്‍ഫിലെ വ്യവസായിയുമായ അബ്ദുള്‍ റഫീക്കുമായി പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് ആരോപണം. പ്രതിഷേധക്കാരെ പിരിച്ചുവീടാന്‍ നാലു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ നടപടികളെടുക്കുമെന്ന് പൊലീസ് ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാന്‍ പിരിഞ്ഞു പോയത്. കൊയിലാണ്ടി പോക്സോ കോടതി ജാമ്യം റദ്ദാക്കിയിട്ടും പ്രതിയായ അബ്ദുള്‍ റഫീക്കിന് ഒളിവില്‍പ്പോകാന്‍ പൊലീസ് സഹായം നല്‍കി എന്നാണ് ആരോപണം.





