Uncategorized

യുപിഐ പേയ്‌മെന്റ് നിർത്തിവെക്കുമെന്ന് വ്യാപാരികൾ; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം

തൃശൂര്‍: യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍. എം.ഡി.ആര്‍ സര്‍വ്വീസ് ചാര്‍ജും ജി.എസ്.ടിയും ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ യുപിഐ ഇടപാടുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടത്തില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് വ്യാപാരി സംഘടനകള്‍ പറയുന്നു.

യുപിഐ പെയ്‌മെന്റ് സംവിധാനം സുഗമമാക്കാന്‍ എന്ന പേരിലാണ് വ്യാപാരികളില്‍ നിന്നും, മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഇടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമുണ്ടായത്. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4 % വരെ MDR ഈടാക്കാനും, ജി.എസ്.ടി ബാധകമാക്കാനുമാണ് നീക്കം. സബ്‌സിഡി ഭാരം കുറയ്ക്കല്‍, യുപിഐ സംവിധാനം ലാഭകരമാക്കല്‍, ബാങ്കുകളുടെയും കമ്പനികളുടെയും ചെലവ് കുറക്കല്‍ തുടങ്ങിയ കാരണങ്ങളും കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിലും ഇതെല്ലാം പൂര്‍ണ്ണണായും തള്ളുകയാണ് വ്യാപാരികളും സംഘടനകളും.വ്യാപാരികള്‍ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകള്‍ നിരവധിയാണ്. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന എംഡിആര്‍ റേറ്റ് 0.4 % ആണെങ്കിലും സര്‍ക്കാരിന് ഇഷ്ടത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ യുപിഐ ആപ്പുകളും ബാങ്കുകളും ഭാവിയില്‍ കൂടുതല്‍ പണം ഈടാക്കും. ഇത് വ്യാപാരികള്‍ക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ ഭീമമായ നഷ്ടം വരുത്തും. വിവിധ കാരണങ്ങളാല്‍ പ്രതിസന്ധിയിലൂടെ പോകുന്ന വ്യാപാരികള്‍ക്ക് എം.ഡി.ആര്‍ ഇരുട്ടടിയാകുമെന്നും സംഘടനകള്‍ പറയുന്നു.

ഒക്ടോബര്‍ 15 മുതല്‍ എം.ഡി.ആര്‍ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെങ്കിലും ഉത്സവസീസണ്‍ അടക്കം കാരണങ്ങളാല്‍ മാറ്റിവെയ്ക്കുകയായിരുന്നു. എന്നാല്‍ സമീപ ഭാവിയില്‍ തന്നെ എം.ഡി.ആര്‍ നടപ്പാക്കാനാണ് ആലോചന. അങ്ങനെയെങ്കില്‍ യുപിഐ പേമെന്റുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മടങ്ങാനാണ് വ്യാപാരികള്‍ ആലോചിക്കുന്നത്. സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര നീക്കത്തിന് എതിരാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ഈ പിന്തുണ കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും വിഷയത്തില്‍ ശക്തമായ പ്രതിഷേധ സമരവത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികളും സംഘടനകളും വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button