Uncategorized

തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ എഎപി; പഞ്ചാബിൽ 40 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ഭഗവന്ത് മൻ ജനവിധി തേടുക ധുരിയിൽ

ചണ്ഡിഗഡ്: അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. 117 സീറ്റുകളുള്ള നിയമസഭയിൽ 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. നിയമസഭാ സ്പീക്കർ കുൽതാർ സിങ് സന്ധ്വാൻ കോട്കപുരയിലും മന്ത്രി സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിലും മത്സരിക്കും. മന്ത്രിമാരായ കുൽദീപ് സിങ് ധാലിവാൾ, ബ്രം ശങ്കർ ശർമ ജിംപ, ബൽക്കർ സിങ് എന്നിവരും പട്ടികയിലുണ്ട്. നിലവിലെ എംഎൽഎമാരിൽ പലർക്കും വീണ്ടും അവസരം നൽകി. തെരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിന് കൂടുതൽ സമയം ഉറപ്പാക്കുകയാണ് എഎപി ലക്ഷ്യമിടുന്നത്. ബാക്കി 77 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ഇന്നലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നിരുന്നു. ഭഗവന്ത് മൻ, സംസ്ഥാന ഇൻ-ചാർജ് മനീഷ് സിസോദിയ, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിലവിൽ ജയിലിൽ കഴിയുന്ന മന്ത്രി സഞ്ജീവ് അറോറ ഉൾപ്പെടെ പട്ടികയിലുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ഈ വർഷം മെയിലാണ് അറോറയെ അറസ്റ്റ് ചെയ്തത്. നിലവിൽ ഗുരുഗ്രാമിലെ ജയിലിലാണ് അദ്ദേഹം. ഈ കേസ് കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഎപി പ്രതികരിച്ചു.

സ്ഥാനാർത്ഥി പട്ടിക മുൻകൂട്ടി പുറത്തിറക്കിയതിലൂടെ പാർട്ടിയുടെ ആത്മവിശ്വാസമാണ് പ്രകടമായതെന്ന് മുഖ്യമന്ത്രി മൻ പറഞ്ഞു- “ഈ പ്രഖ്യാപനം ഞങ്ങളുടെ ശക്തമായ തയ്യാറെടുപ്പിന്റെയും സുതാര്യതയുടെയും ഞങ്ങളുടെ പ്രവൃത്തിയിലെ അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്”- മൻ എക്സിൽ കുറിച്ചു. പട്ടിക പുറത്തിറക്കിയതിന് പിന്നാലെ കെജ്രിവാൾ സ്ഥാനാർത്ഥികൾക്ക് ആശംസകൾ നേർന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button