അഞ്ചാം വയസിൽ തിരുവനന്തപുരം മൃഗശാലയിലെത്തി, 39 വയസുള്ള ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ശംഭു ഓർമ്മയായി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ആൺ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ശംഭു മരിച്ചു. 39 വയസുള്ള ശംഭു മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശംഭു ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്. ഇതോടെ മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ കൂട് പൂർണമായും ശൂന്യമായി. നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ വേറെ കാണ്ടാമൃഗങ്ങൾ ഇല്ല. കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35-40 വയസ്സ് ആണ്.
1993 മേയ് 19-നാണ് അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്ക്, ഗുവാഹത്തിയിൽ നിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് 5 വയസ്സുണ്ടായിരുന്ന ശംഭുവിനെ ഇവിടെ എത്തിക്കുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവായത്. അസമിൽനിന്ന് കൊണ്ടുവന്നപ്പോൾ ‘ജാദു’ എന്നായിരുന്നു ഇവൻ്റെ പേര്. പിന്നീട് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ‘ശംഭു’ എന്ന് പേര് മാറ്റിയത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, പാലോട് നിന്നുള്ള പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ദഹിപ്പിക്കും




