രോഗിയുമായി ആശുപത്രിയിലെത്തി; പുറത്തിറങ്ങാനാവാതെ കുടുങ്ങി കെഎസ്ആര്‍ടിസി, രക്ഷകരായി ഫയര്‍ഫോഴ്സ്

കൂത്താട്ടുകുളം: യാത്രാമധ്യേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിക്ക് ചികിത്സ ലഭ്യമാക്കാന്‍ കൂത്താട്ടുകുളം ഗവണ്മെന്റ് ആശുപത്രിയിലെത്തിയ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് റോഡില്‍ കുടുങ്ങി. ഇന്ന് പുലര്‍ച്ചെ അഞ്ചോടെ തിരുവനന്തപുരം-മൂന്നാര്‍ റൂട്ടിലോടുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് പ്രധാന കവാടത്തിന് സമീപം കുടുങ്ങിയത്.
യാത്രയ്ക്കിടെ കൂത്താട്ടുകുളം ടൗണില്‍ എത്തിയപ്പോഴാണ് അടിമാലി സ്വദേശിനി ഷൈബിക്ക് അപസ്മാരം ഉണ്ടായത്. ഇതോടെ ജീവനക്കാര്‍ ബസ് ടൗണിലെ ഗവണ്മെന്റ് ആശുപത്രി കോമ്പൗണ്ടിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബസ് തിരിച്ചു റോഡിലേക്ക് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിന്‍ഭാഗത്തെ ബോഡി റോഡില്‍ തട്ടി നിന്നത്.
ജീവനക്കാരും മറ്റൊരു കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും ചേര്‍ന്ന് വാഹനം നീക്കാനായി ഏറെ നേരം പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാരായ നിരവധി ആളുകള്‍ മറ്റ് ബസുകളിലായി യാത്ര തുടര്‍ന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൂത്താട്ടുകുളം അഗ്നിശമനസേന സംഘം സ്റ്റോപ്പറുകള്‍ അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ബസ് വേഗത്തില്‍ പുറത്തെടുക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരിക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം കൂടുതല്‍ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര തുടര്‍ചികിത്സയ്ക്കുള്ള സൗകര്യങ്ങളുടെ പരിമിതി മൂലമാണ് മാറ്റിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മുന്‍വശത്തെ കവാടത്തില്‍ ബസ് കുടുങ്ങിക്കിടന്നതിനാല്‍ പിന്‍വശത്തെ ഗേറ്റിലൂടെയാണ് ആംബുലന്‍സ് വഴി ഇവരെ കോട്ടയത്തേക്ക് കൊണ്ടുപോയത്.




