കൊല്ലത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്കു നേരെ തമിഴ്നാട് ബോട്ടുകളുടെ ആക്രമണം

കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ കടലിൽ തമിഴ്നാട് ബോട്ടുകളുടെ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ പരിധിയിലുള്ള കടൽ അതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ശക്തികുളങ്ങര സ്വദേശികളുടെ ബോട്ടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ഇരയായ ഏഴ് ബോട്ടുകൾ ശക്തികുളങ്ങര ഹാർബറിൽ മടങ്ങിയെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള അതിക്രമങ്ങൾ കടലിൽ പതിവാണെന്ന് ബോട്ട് ഉടമകളും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാണിക്കുന്നു.
മത്സ്യം ലഭിക്കുന്ന മേഖല തങ്ങളുടേതാണെന്നും അവിടെ മത്സ്യബന്ധനം അനുവദിക്കില്ലെന്നും വാദിച്ചാണ് തമിഴ്നാട് ബോട്ടുകൾ ഭീഷണിയുയർത്തുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി മുന്നറിയിപ്പുകളും ഭീഷണികളും തുടരുന്നതിനിടെയാണ് നൂറിലധികം തമിഴ്നാട് ബോട്ടുകൾ എത്തിയത്. കേരള ബോട്ടുകളിൽ കയറി വലകൾ, റോപ്പുകൾ, ജി.പി.എസ് ഉപകരണങ്ങൾ, വയർലെസ് സെറ്റുകൾ തുടങ്ങിയവ കടലിലേക്ക് എറിയുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഒരു ബോട്ടിൽ മാത്രം 25 ലക്ഷം മുതൽ 32 ലക്ഷം രൂപ വരെയുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ബോട്ട് ഉടമ സംഘടനാ നേതാവായ പീറ്റർ വ്യക്തമാക്കി.
തുടർച്ചയായി നാലാം വർഷമാണ് തമിഴ്നാട് ബോട്ടുകളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം നവംബർ 12നും സമാനമായ രീതിയിൽ ആറ് ബോട്ടുകൾ ആക്രമിക്കപ്പെടുകയും നാല് തൊഴിലാളികൾക്ക് നേരെ അതിക്രമം നടക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു വർഷത്തിന് ശേഷമാണ് ആ കേസിന്റെ തുടർനടപടികൾക്കായി ചെന്നൈ ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയത്. വിഷയം പരിഹരിക്കുന്നതിനായി കേരള ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തിൽ ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും തമിഴ്നാട് ഫിഷറീസ് അധികൃതർ യോഗം ബഹിഷ്കരിച്ചു.രാജ്യത്തിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ പരിധിയിലെ 200 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്താൻ ഇന്ത്യയിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും നിയമപരമായ അവകാശമുണ്ട്. ഇന്ധനവില വർധനവ് മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വൻ തുക മുടക്കി കടലിൽ പോകുന്ന തൊഴിലാളികൾക്ക് നേരെ ഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ അധികാരികൾ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.




