Uncategorized

പറമ്പിക്കുളം ആളിയാർ കരാർ തമിഴ്നാടുമായി ചർച്ചയ്ക്ക് തീരുമാനിച്ചു: മന്ത്രി മോൻസ് ജോസഫ്

തിരുവനന്തപുരം: പറമ്പിക്കുളം ആളിയാർ കരാറുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കേണ്ടതായ ജലവിതരണത്തെക്കുറിച്ച് ചർച്ചചെയ്ത് തീരുമാനമെടുക്കുന്നതിന് സംയുക്ത ജല ക്രമീകരണ ബോർഡ് യോഗം അടിയന്തരമായി വിളിച്ചു ചേർക്കും. ജലവിഭവ വകുപ്പു മന്ത്രി മോൻസ് ജോസഫിന്‍റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം.കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ചീഫ് എൻജിനിയർമാരുടെ മേൽനോട്ടത്തിൽ രണ്ടു സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തുകൊണ്ട് നടത്തുന്ന സംയുക്ത ജല ക്രമീകരണ ബോർഡ് യോഗം ഇപ്രാവശ്യം വിളിച്ചുചേർക്കാനുള്ള ചുമതല കേരളത്തിന്‍റെ ചീഫ് എൻജിനിയർക്കാണ് സംയുക്ത സമിതി നൽകിയിട്ടുള്ളത്.

ഇതിനുവേണ്ടി സംയുക്ത ജല ക്രമീകരണ ബോർഡിന്‍റെ ഇപ്പോഴത്തെ ചെയർമാൻ അന്തർ സംസ്ഥാന നദീജല കരാറിന്‍റെ ചുമതലയുള്ള കേരളത്തിന്‍റെ ചീഫ് എൻജിനിയർ ആർ. പ്രിയേഷിനെ യോഗം വിളിച്ചു ചേർക്കുന്നതിന് ചുമതലപ്പെടുത്തി.

കടുത്ത വരൾച്ച മൂലം രണ്ടാംവിള കൃഷിയിറക്കാൻ കഴിയാതെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൃഷിക്കാർ അനുഭവിക്കുന്ന പ്രതിസന്ധി വിവിധ എംഎൽഎമാർ മുഖ്യമന്ത്രിയുടെയും ജലവിഭവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് സർക്കാർ അടിയന്തരമായി ഉന്നതതലയോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്.

കേരള സർക്കാരും തമിഴ്നാട് സർക്കാരും തമ്മിൽ ഉണ്ടാക്കിയിട്ടുള്ള പറമ്പിക്കുളം ആളിയാർ കരാർ പുനരവലോകനം നടത്താനുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു. കേരളം ഉന്നയിക്കേണ്ട ആവശ്യങ്ങൾ വിലയിരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു.

രണ്ടാം വിള കൃഷിക്ക് മുന്നോടിയായി ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് വിളിച്ചു ചേർക്കുന്ന പിഎസി യോഗം ഇന്ന് വൈകുന്നേരം നാലിന് പാലക്കാട് ചേരുന്നതിനും തീരുമാനിച്ചു.

കാവേരിയിൽ നിന്നും കേരളത്തിന് ലഭിക്കാനുള്ള ജല ക്രമീകരണം സംബന്ധിച്ച് സർക്കാർതലത്തിൽ ഇപ്പോഴത്തെ സാഹചര്യം പരിശോധിക്കാനും തീരുമാനിച്ചു. ഇതേത്തുടർന്ന് അന്തർ സംസ്ഥാന ചർച്ചയിലൂടെ ഇക്കാര്യത്തിലും പരിഹാരമുണ്ടാക്കാൻ യോഗത്തിൽ തീരുമാനമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button