സരൾ ബിൽ; സരൾ ബില്ല് എന്നാണ് പേരെങ്കിലും കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ, രൂക്ഷ വിമർശനം

തിരുവനന്തപുരം: കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ത്രിതല കമ്മിറ്റിയാണോ ഈ തീരുമാനങ്ങൾ എടുത്തത് എന്ന ചോദ്യം ഉയർന്നു. ബില്ല് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. കൂടുതൽ ശക്തമായ എതിർപ്പും പ്രതിഷേധവും നാട്ടിൽ ഉയർന്നു വരുമെന്നും പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൻറെ ഓരോ മേഖലയും സർക്കാർ തകർക്കുകയാണ്. ഇന്നലെ തീരദേശ മേഖല, ഇന്ന് തണ്ണീർത്തടങ്ങളെയും നെൽവയലുകളെയും ബാധിക്കുന്ന പ്രശ്നമാണ്. സഭയിൽ ചർച്ച നടത്തുമ്പോൾ സ്പീക്കർ തന്നെ ചോദ്യം ഉന്നയിച്ചു. ത്രിതല കമ്മിറ്റി തന്നെയാണോ തീരുമാനം എടുക്കുന്നതെന്ന് സ്പീക്കർ ചോദിച്ചു. ഉദ്യോഗസ്ഥ കമ്മിറ്റിക്ക് അധികാരം കൈമാറുന്നു. നെൽവയലുകൾ മാഫിയകൾക്ക് തീറെഴുതുന്ന അവസ്ഥ വരും. സരൾ ബില്ല് എന്നാണ് പേരെങ്കിലും കരാള ബില്ലായി മാറുമെന്നും നമ്മുടെ നാടിൻറെ തനിമ തകർക്കാനുള്ള നീക്കങ്ങൾ സർക്കാർ തുടരുമെന്നും പിണറായി വിജയൻ പറഞ്ഞു.




