Uncategorized

‘ബ്ലാക്ക്‌ മെയില്‍ ചെയ്യരുത്, സമ്മര്‍ദ്ദം ചെലുത്തരുത്; ഇതാണ് മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞത്’

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍പിഎസ്ടി സമരസമിതി. മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. തന്നെ സമ്മര്‍ദ്ദപ്പെടുത്തരുതെന്നും ബ്ലാക്ക് മെയില്‍ ചെയ്യരുതെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്. ഇത് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ലെന്നും കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്ത സമരസമിതി നേതാവ് വളര്‍മതി പറഞ്ഞു. കാലാവധി നീട്ടാനുള്ള നടപടി പിഎസ്‌സിക്ക് ശുപാര്‍ശ ചെയ്‌തെങ്കില്‍ രേഖ പുറത്തുവിടണണെന്നും വളര്‍മതി ആവശ്യപ്പെട്ടു.

‘എന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്, എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യരുത്. ഈ രണ്ട് വാക്കുകളാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങളോട് ഒരു മറുപടി പറയുകയും മാധ്യമങ്ങളോടും സഭയിലും ഇതുപോലെ പച്ചക്കള്ളം വിളിച്ചുപറയുകയും ചെയ്യുന്നത് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതല്ല’, വളര്‍മതി പറഞ്ഞു. വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം കുറയ്ക്കണം എന്നതില്‍ നിന്നും പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നതെന്നും വളര്‍മതി പറഞ്ഞു.കഴിഞ്ഞ അഞ്ച് വര്‍ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളില്‍ നാലും നിറവേറ്റാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഒരു സുപ്രഭാതത്തില്‍ കുറയ്ക്കാന്‍ കഴിയില്ല. എല്‍ഡിഎഫിന്റെ ബുദ്ധിശൂന്യതയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button