ട്രെയിനുകളിൽ രാത്രിയിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനു നിരോധനം

ന്യൂഡൽഹി: ട്രെയിനുകളിലെ മൊബൈൽ ചാർജിംഗിനു കർശന നിയന്ത്രണമേർപ്പെടുത്തി റെയിൽവേ. പുതിയ തീരുമാനപ്രകാരം രാത്രി 11 നും രാവിലെ അഞ്ചിനുമിടയിൽ ട്രെയിനുകളിലെ മൊബൈൽ ചാർജിംഗ് പോയിന്റുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും. ഇതുസംബന്ധിച്ച് എല്ലാ റെയിൽവേ സോണുകൾക്കും ബോർഡ് കർശന നിർദേശം നൽകി.സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ മുംബൈ ലോക്കൽ ട്രെയിനിൽ പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കോച്ചിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിലാണു നിയന്ത്രണം കർക്കശമാക്കുന്നത്. യാത്രയിൽ ഇനി മൊബൈൽ ഫോണോ ലാപ്ടോപ്പോ ട്രെയിനിൽ വച്ചു രാത്രിയിൽ ചാർജ് ചെയ്യാമെന്നു കരുതി പോകേണ്ടതില്ല.
ഇക്കാര്യത്തിൽ യാതൊരു ഇളവുകളും നൽകില്ലെന്ന് കഴിഞ്ഞ 26ന് അയച്ച കത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി. ആറു മണിക്കൂർ വരുന്ന ഈ സമയപരിധിയിൽ എല്ലാ കോച്ചുകളിലെയും ചാർജിംഗ് പോയിന്റുകൾ ഓഫാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നിർദേശങ്ങളും നൽകാൻ സോണൽ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചാർജിംഗ് പോയിന്റുകൾ കൃത്യസമയത്ത് ഓഫാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും മിന്നൽ പരിശോധന നടത്തും. രാത്രി യാത്ര പുറപ്പെടുന്നതിന് മുമ്പുതന്നെ മൊബൈൽ ഫോണുകളും മറ്റ് അത്യന്താപേക്ഷിത ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് യാത്രക്കാർക്കു നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, പവർ ബാങ്ക് കൊണ്ടുവന്നു ചാർജ് ചെയ്യുന്നതും കർശനമായി തടയുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.




