ഇരിട്ടിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു

ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് മീത്തിലെ പുരയിൽ ജയരാജിന്റെ വീട്ടിൽ വെച്ച് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സൽക്കാരത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്. തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഇരിട്ടി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുകയായിരുന്നു. എടക്കാനം സ്വദേശികളായ സന്തോഷ് കോയറ്റി, നന്ദിത, ഭവിന, ബീല, ഷീജ, രജീഷ്, ആരോൺ, ചിതേഷ്, അനൂപ്, അർച്ചന ഉൾപ്പെടെയുള്ളവരും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മറ്റ് ആളുകളുമാണ് നിലവിൽ ചികിത്സയിലുള്ളത്. സംഭവമറിഞ്ഞ ഉടൻ തന്നെ ഇരിട്ടി നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരും ജനപ്രതിനിധികളും ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ചതായും ഭക്ഷ്യവിഷബാധ ഉണ്ടായതിനുള്ള യഥാർത്ഥ കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പ് വിശദമായ പരിശോധനയും അന്വേഷണവും ആരംഭിച്ചതായും അധികൃതർ അറിയിച്ചു




