അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് യുവതി

കൊച്ചി: അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നടൻ ബാലു വർഗീസിന് വക്കീൽ നോട്ടീസയച്ച് യുവതി. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.അടുത്തിടെ നടന്ന സംഭവത്തിൽ താൻ കടുത്ത മാനസിക വിഷമത്തിലാണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് ‘ദി ന്യൂസ് മിനിറ്റ്’ റിപ്പോർട്ട് ചെയ്തു. നീന്തൽക്കുളത്തിൽ വച്ച് ബലമായി ശരീരത്തിൽ സ്പർശിക്കുകയായിരുന്നു.
ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവം നടന്നയുടൻ ഇതിനെ ചോദ്യം ചെയ്തെങ്കിലും അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു.
താൻ ഉറച്ചുനിന്നപ്പോൾ ബാലു ക്ഷമ ചോദിച്ചു. അവിടെനിന്ന് മടങ്ങിയ താൻ സംഭവം ഭർത്താവിനോട് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിച്ചു. അബദ്ധത്തിൽ കൈ തട്ടിയതാണെന്നായിരുന്നു അയാളുടെ വിശദീകരണം. എന്നാൽ വളരെ ബലമായിട്ടാണ് ബാലു പിടിച്ചതെന്നും അത് അബദ്ധമാകാൻ വഴിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
തനിക്കുണ്ടായ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസിലായതെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി




