‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ’; നെടുമ്പാശേരി സംഭവത്തിലെ പരാമർശം വളച്ചൊടിച്ചു; രൂക്ഷമായി പ്രതികരിച്ച് മഞ്ജു പിള്ള

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് നടത്തിയ പരാമർശം വളച്ചൊടിച്ച് പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി മഞ്ജു പിള്ള. മകൾ ദിയ സുജിത്തിൻ്റെ വ്ലോഗിൽ നെടുമ്പാശേരി അപകടത്തെക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ച ഭാഗങ്ങളാണ് വിവിധ സോഷ്യൽ മീഡിയ പേജുകൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് മഞ്ജു പിള്ള രംഗത്തെത്തിയത്.അപകടത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിദ്വേഷ പ്രചാരണങ്ങളും ചർച്ചയായി.
അപകടത്തിൽപ്പെട്ട കുട്ടികൾ ഹെൽമറ്റ് ധരിക്കാതെ ഒരു വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചത് തെറ്റാണെന്നാണ് താൻ പറഞ്ഞതെന്ന് മഞ്ജു പിള്ള വ്യക്തമാക്കി.
എന്നാൽ, രാത്രി യാത്ര ചെയ്താണ് തെറ്റെന്ന തരത്തിലാണ് ഓൺലൈൻ പേജുകൾ തന്റെ പരാമർശം പ്രചരിപ്പിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതോടെ നെടുമ്പാശേരി അപകടത്തെക്കുറിച്ച് സംസാരിക്കുന്ന ഭാഗം മഞ്ജു പിള്ള പ്രത്യേകം പോസ്‌റ്റ് ചെയ്തു.
മഞ്ജു പിള്ളയുടെ വാക്കുകൾ ഇങ്ങനെ:
‘മൂന്നു കുട്ടികൾ പോയില്ലേ. അവർ പോകുമെന്ന് വിചാരിച്ചിട്ടാണോ യാത്ര ചെയ്തത്? അപ്പോൾ പിന്നെ എന്താ, രണ്ടു ഹിന്ദു കുട്ടികളും ഒരു മുസ്‌ലിം കുട്ടിയും എന്തിന് പുറത്തുപോയി എന്നായി. അത് വിവരമില്ലായ്മ എന്നു പറയും. അവർ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ്. രാത്രിയല്ലേ, വലിയ പ്രശ്‌നമില്ലെന്ന് കരുതി പോയതാകും.മൂന്നു പേർ ഹെൽമറ്റില്ലാതെ ഒന്നിച്ച് പോയതിനെ ന്യായീകരിക്കുകയല്ല. പോയത് തെറ്റാണ്. പക്ഷേ അതിന് അങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് ചെറ്റത്തരമാണ്. ഹിന്ദു കുട്ടികൾ മുസ്‌ലിം കുട്ടിക്കൊപ്പം എന്തിന് യാത്ര ചെയ്തു എന്നല്ല ചോദിക്കേണ്ടത്. മൂന്നു പേർ എന്തിന് യാത്ര ചെയ്തു എന്നതാണ് ചോദിക്കേണ്ടത്. രാത്രി എന്തിന് യാത്ര ചെയ്തു എന്നല്ല ചോദിക്കേണ്ടത്. ആ ചോദ്യം തെറ്റാണ്. ഒരു നിയമത്തിലും അങ്ങനെ പറയുന്നില്ല. ഭയങ്കര ദേഷ്യം വന്നു’.താൻ പറഞ്ഞത് ഇതാണെന്നും മൂന്നു കുട്ടികളുടെയും കുടുംബങ്ങൾക്ക് വ്യക്തത ലഭിക്കാനാണ് വീഡിയോ പോസ്‌റ്റ് ചെയ്യുന്നതെന്നും മഞ്ജു പിള്ള കുറിച്ചു. ദയവുചെയ്ത് കാര്യങ്ങൾ വളച്ചൊടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ’ എന്ന അടിക്കുറിപ്പോടെയാണ് ബ്ലോഗിലെ പ്രസക്ത ഭാഗം മഞ്ജു പിള്ള സ്‌റ്റോറിയിൽ പങ്കുവച്ചത്. സംഭവത്തിൽ മകൾ ദിയ സുജിത്തും രൂക്ഷമായി പ്രതികരിച്ചു. ‘എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോളൂ. എനിക്ക് അതൊരു വിഷയമല്ല. പക്ഷേ, അതെന്റെ കുടുംബത്തെക്കുറിച്ചാണെങ്കിൽ പൊന്നു മോനെ.. തീർന്നു. അമ്മ പറഞ്ഞതിന്റെ എല്ലാ തെളിവും എന്റെ കയ്യിലുണ്ട്’, ദിയ കുറിച്ചു.




