31-ാമത് പരുമല കാൽനട തീർത്ഥയാത്രയ്ക്ക് തുടക്കമായി

കേളകം സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിലെ ഒ.സി.വൈ.എം.-ന്റെ (OCYM) നേതൃത്വത്തിലുള്ള 31-ാമത് പരുമല കാൽനട തീർത്ഥയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം. സന്ധ്യാ പ്രാർത്ഥനയ്ക്കുശേഷം നടന്ന ചടങ്ങിൽ, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിൽ നിന്നുള്ള ദീപവും പതാകയും വികാരി ഫാദർ ജിനു ജോൺ പദയാത്ര ക്യാപ്റ്റനും അംഗങ്ങൾക്കും കൈമാറി.
ചടങ്ങിൽ ഫാദർ ജിബിൻ കുരിയാക്കോസ്, ഫാദർ ജോബിൻ വർഗീസ്, ഡീക്കൻ ബിനു വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 31 വർഷമായി തുടർന്നുവരുന്ന ഈ തീർത്ഥയാത്ര, മലങ്കര ഓർത്തഡോക്സ് സഭയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രകളിൽ ഒന്നാണ്. 9 ജില്ലകളിലൂടെ, 14 ദിവസം കൊണ്ട് 410 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ പദയാത്ര നവംബർ 1-ന് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ എത്തിച്ചേരും. യാത്രാമധ്യേ വിവിധ പള്ളികളിലും ഇടവകകളിലും തീർത്ഥാടക സംഘത്തിന് ഊഷ്മളമായ സ്വീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.




