Uncategorized

രാഹുൽ ഗാന്ധിയുടെ വിദേശ യാത്ര: ബിജെപി-കോൺഗ്രസ് പോര്, ട്രാവല്‍ ഏജന്‍റല്ലെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരി ശശി തരൂര്‍

ദില്ലി: രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയെ ചൊല്ലി കോണ്‍ഗ്രസ് ബിജെപി പോര് കടുക്കുന്നു. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് രാഹുല്‍ ഗാന്ധിയുടെ ദില്ലി ചലോ ആഹ്വാനം കേട്ടെത്തിയവര്‍ തീഹാര്‍ ജയിലിലായെന്നും രാഹുല്‍ വിദേശത്ത് സുഖിക്കുകയാണെന്നും ബിജെപി പരിഹസിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി വിദേശത്ത് കറങ്ങാറുണ്ടെന്നും കടമകള്‍ പൂര്‍ത്തിയാക്കിയാണ് രാഹുല്‍ വിദേശത്തേക്ക് പോയതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. അതേസമയം, അഭിപ്രായം പറയാന്‍ ട്രാവല്‍ ഏജന്‍റല്ലെന്ന് പ്രതികരിച്ച് വിവാദത്തില്‍ നിന്ന് ശശി തരൂര്‍ തലയൂരി.

ഗോവയില്‍ നടന്ന കോണ്‍ഗ്രസ് റാലിക്ക് ശേഷം രാഹുല്‍ ഗാന്ധി ദില്ലിക്ക് മടങ്ങിയില്ല. പിന്നീട് രാഹുലിനെ കാണുന്നത് ബിജെപി നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രചരിച്ച വിമാനത്തിലിരിക്കുന്ന ദൃശ്യത്തിലാണ്. പതിവ് മുങ്ങല്‍ ഇക്കുറി വിയറ്റ്നാമിലേക്കെന്ന തലക്കുറിപ്പോടെയാണ് ബിജെപി നേതാക്കളുടെ പരിഹാസ പോസ്റ്റ്. ദില്ലി പ്രതിഷേധവുമായി ബന്ധപ്പെടുത്തി പിന്നീട് വന്നത് പരിഹാസ ട്രോള്‍ മഴയാണ്. നുണ പറഞ്ഞ് പറഞ്ഞ് മടുത്തെന്നും ചെറിയ അവധി ആസ്വദിച്ച് വരാമെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാടെന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു. യാത്രയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെയും ഇന്ത്യാസഖ്യത്തെയും പതിവ് പോലെ പെരുവഴിയില്‍ നിര്‍ത്തി രാഹുല്‍ മുങ്ങിയെന്ന് മുതിര്‍ന്ന നേതാക്കളും പരിഹസിച്ചു. ഭരണ മാറ്റം വോട്ടിലൂടെയാണ് സംഭവിക്കേണ്ടതെന്നും സുഖവാസത്തിന് ശേഷം തിരിച്ച് വന്ന് പ്രതിഷേധം തുടര്‍ന്ന് ഭരണമാറ്റം സ്വപ്നം കാണേണ്ടെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ യാത്രയെ കുറിച്ച് ഔദ്യോഗിക വിശദീകരണം കോണ്‍ഗ്രസ് നല്‍കിയിട്ടില്ല. വിദേശത്താണെന്നും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിരികെയെത്തുമെന്നുമാണ് നേതാക്കള്‍ പറയുന്നത്. യാത്ര എവിടേക്കാണെന്നോ ഉദ്ദേശമെന്തെന്നോ നേതാക്കള്‍ വിശദീകരിക്കുന്നില്ല. സമൂഹമാധ്യമമായ എക്സില്‍ രാഹുലിന്‍റേതായി പല വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്. താന്‍ ട്രാവൽ ഏജൻ്റ് അല്ലെന്നും ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശശി തരൂരിന്‍റെ പ്രതികരണം. ബിജെപി ആരോപണം കടുപ്പിക്കുമ്പോള്‍ കോണ്‍ഗ്രസിന് പുറമെ ഇന്ത്യാസഖ്യം നേതാക്കളും രാഹുലിനെ പ്രതിരോധിക്കുന്നുണ്ട്. യാത്രയെ വ്യക്തിപരമായി മാത്രം കണ്ടാല്‍ മതിയെന്ന് എന്‍സിപി ശരദ് പവാര് വിഭാഗം നേതാവ് സുപ്രിയ സുലേ പറഞ്ഞു. സിപിഎം ജനറല്‍സെക്രട്ടറി എം എ ബേബിയും രാഹുലിനെ പിന്തുണച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button