Uncategorized

ലോഡ് കക്കൂസ് മാലിന്യം, തിരുമ്പാടി മുതൽ നിലമ്പൂർ വരെ പിന്തുടർന്നിട്ടും പൊലീസിന് പിടികൂടാനായില്ല, പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

തിരുവമ്പാടി:അർദ്ധരാത്രിയുടെ മറവിൽ മാലിന്യം തള്ളാനെത്തിയ വണ്ടിയെ പിന്തുടർന്ന് പോലീസ്. തിരുവമ്പാടിയിൽ നിന്ന് തുടങ്ങി നിലമ്പൂർ വരെ നീണ്ടത് മണിക്കൂറുകൾ നീണ്ട സിനിമ സ്റ്റൈൽ ചേസിങ്. വഴിനീളെ വാഹനങ്ങളെയും കുടുംബങ്ങളെയും ഇടിച്ചു തെറിപ്പിക്കാൻ നോക്കി, ഒടുവിൽ കക്കൂസ് മാലിന്യ മാഫിയ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് തിരുവമ്പാടി എസ്.ഐ രമ്യയ്ക്ക് പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളാൻ വാഹനം എത്തിയിട്ടുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ ഡ്രൈവർ അനൂപിനൊപ്പം പോലീസ് സംഘം സ്ഥലത്തേക്ക് തിരിക്കുകയും ലോറിയെ പിന്തുടരുകയും ചെയ്തു. പോലീസിനെ കണ്ടതോടെ വാഹനം അതിവേഗം ഓടിച്ചു പോവുകയായിരുന്നു. തിരുവമ്പാടി സ്റ്റേഷൻ പരിധി വിട്ട് കൊടുവള്ളി, താമരശ്ശേരി, മുക്കം, കൂളിമാട് ,അരീക്കോട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിലൂടെ വാഹനം പാഞ്ഞപ്പോൾ, പോലീസിനൊപ്പം നിരവധി നാട്ടുകാരും ബൈക്കുകളിലും മറ്റുമായി ലോറിയെ പിടികൂടാൻ പിന്നാലെ കൂടിയിരുന്നു.

എന്നാൽ, നമ്പർ പ്ലേറ്റ് പോലുമില്ലാത്ത വാഹനം തടയാൻ ശ്രമിച്ചവരുടെ മേലേക്ക് വണ്ടി ഇടിച്ചുകയറ്റാൻ നോക്കി. റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെയും യാത്രക്കാരായ കുടുംബങ്ങളെയും അപകടപ്പെടുത്തും വിധമാണ് വാഹനം മുന്നോട്ട് കുതിച്ചത്. ഇതൊരു വൻ കൊട്ടേഷൻ സംഘമാണെന്നാണ് പോലീസിന്റെ സംശയം. മണിക്കൂറുകൾ നീണ്ട ചേസിങ്ങിനൊടുവിൽ നിലമ്പൂർ വെച്ച് വാഹനം പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. എങ്കിലും, നാട്ടുകാർ എടുത്ത ദൃശ്യങ്ങളിൽ പ്രതിയുടെ രൂപം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ വെച്ച് പ്രതികളെ തിരിച്ചറിയുന്നവർ ഉടൻ തന്നെ പോലീസിന് ആവശ്യമായ സൂചനകളും വിവരങ്ങളും നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തിന്റെ സിനിമാ സ്റ്റൈൽ ചേസിങ് ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ഊർജിത അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button