യുവതിയെ ഭീഷണിപ്പെടുത്തി 14.5 ലക്ഷവും മൊബൈലും തട്ടിയ കേസ്: പൊലിസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയിൽനിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പൊലിസുകാരൻ അറസ്റ്റിൽ. ഗുരുവായൂർ സ്റ്റേഷനിലെ സിപിഒ അതിയന്നൂർ സ്വദേശി ധനീഷ് കുമാറിനെയാണ്(39) മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെൻഡ് ചെയ്തു.കേസിൽ ഉൾപ്പെട്ട ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയിൽനിന്ന് പണം തട്ടിയത്. എറണാകുളം സ്വദേശിനിയായ 39 വയസുകാരിയെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. ഇയാൾ ജോലിചെയ്യുന്ന പൊലിസ് സ്റ്റേഷനിൽ ജനുവരിയിൽ യുവതി പരാതി നൽകിയിരുന്നു. ഇതിനായി ചിത്രങ്ങളും വീഡിയോകളും നൽകിയിരുന്നു. അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.
2026 ജനുവരി 24 മുതൽ ഓഗസ്റ്റ് 20 വരെ പരാതിക്കാരിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. വിവിധ ദിവസങ്ങളിലായി 14.5 ലക്ഷം രൂപ കൈക്കലാക്കി. 82,590 രൂപ വിലയുള്ള മൊബൈൽ ഫോണും വാങ്ങിനൽകി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ യുവതി നൽകിയ പരാതി മ്യൂസിയം പൊലിസിനു കൈമാറുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തു.



