Uncategorized

‘പാർട്ടി പുറത്താക്കി, എന്നാൽ രാഹുൽ പുറത്ത് പോയിട്ടില്ലല്ലോ, അടിച്ചാൽ തിരിച്ചടിച്ചിരിക്കും’; പഴകുളം ശിവദാസൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാർട്ടി തീരുമാനത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ. രാഹുൽ പാർട്ടി വിട്ട് പോയിട്ടില്ലെന്നും പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. അടൂരിലെ യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിൽ കേസെടുത്തതിന് പിന്നാലെ രാഹുലിനോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ശിവദാസന്റെ പരാമർശം.

രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആരെയും അടിക്കാൻ രാഹുൽ പോയിട്ടില്ലെന്നും പഴകുളം ശിവദാസൻ പറഞ്ഞു. പിന്നാലെയാണ് രാഹുൽ കോൺഗ്രസുകാരൻ തന്നെയാണെന്നും അദ്ദേഹം പാർട്ടി വിട്ട് പോയിട്ടില്ലെന്നും ശിവദാസൻ പറഞ്ഞത്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ ഉത്തരവാദിത്തപ്പെട്ട യുഡിഎഫ് കൺവീനർ എന്ന നിലയിൽ പറയുന്നതാണെന്നും പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായില്ലല്ലോ എന്ന വാദവും ശിവദാസൻ ഉന്നയിച്ചു. രാഹുലിനെ അടിച്ചാൽ തിരിച്ചുകിട്ടിയിരിക്കും എന്നും പഴകുളം ശിവദാസൻ വെല്ലുവിളിച്ചു.കഴിഞ്ഞ ദിവസമാണ് അടൂരിൽ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം ഉണ്ടായത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിയാണ് എസ്എഫ്ഐ നേതാക്കളെ ലൈംഗികാതിക്രമക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അടങ്ങുന്ന സംഘം മർദിച്ചത്.രാഹുല്‍ മാങ്കൂട്ടത്തില്‍, ഫെനി നൈനാന്‍, അനന്തു ഗോപന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നാല് കാറുകളിലായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലും കാഷ്വാലിറ്റിയിലേക്ക് പ്രവേശിക്കുകയും സഹില്‍, പ്രണവ് എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണോയെന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.ഇന്നലെ രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം. സംഘം ഇടിവളകൊണ്ട് ഇടിക്കുകയും കമ്പ് കൊണ്ടടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button