ദില്ലിയിൽ പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കിയത് 28 ട്രെയിനുകൾ, അടച്ചിട്ട് മെട്രോ സ്റ്റേഷനുകൾ, ‘ജനങ്ങളെ ബാധിക്കുന്ന വിഷയം’; ആശങ്കയറിയിച്ച് സുപ്രീം കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ദില്ലിയിൽ നടക്കുന്ന സമരത്തെ ഭയന്ന് 28 ട്രെയിനുകൾ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്യുന്ന കേന്ദ്രത്തിൻ്റെ നടപടിയിൽ ആശങ്ക അറിയിച്ച് സുപ്രീം കോടതി. മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനെതിരെ സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി കോടതിയെ സമീപിച്ചിരുന്നു
നടപടി നൂറുകണക്കിന് ആളുകളെ ബാധിക്കുന്ന വിഷയമാണെന്ന് കോടതി. സാധാരണക്കാരൻ്റെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കപ്പെടുന്നതിനെതിരെയാണ് കോടതിയുടെ പരാമർശം. സ്ഥിതി പരിശോധിച്ചു നിയന്ത്രണത്തിൽ മാറ്റം വരുത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. എല്ലാം തടയാൻ ആകില്ല എന്ന് സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞു. കേരളത്തിൽ നിന്ന് അടക്കം പുറപ്പെട്ട ട്രെയിനുകളുടെ കാര്യം കപിൽ സിബൽ പരാമർശിച്ചിരുന്നുപ്രതിഷേധത്ത ഭയന്ന് ദില്ലിയെ ആകെ അടച്ചു പൂട്ടാനുള്ള ശ്രമമാണ് കേന്ദ്രം നടത്തിയത്. പ്രതിഷേധത്തിനായി ദില്ലിയിലേക്ക് പുറപ്പെട്ടവരെ വ്യാപകമായി ട്രെയിനുകളിൽ നിന്ന് ഇറക്കി വിടുകയും ചെയ്യുന്നുണ്ട്. ദില്ലി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ നൽകാനും വിമാനക്കമ്പനികൾക്ക് നിർദേശമുണ്ട്. എല്ലാ യാത്രക്കാരുടെയും വിവരങ്ങൾ 48 മണിക്കൂർ മുൻകൂട്ടി നൽകണമെന്നാണ് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.




