Uncategorized

കൊല്ലത്തെ സ്ത്രീധന പീഡനം: കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; റിപ്പോർട്ട് സമർപ്പിക്കാൻ കേരള പൊലീസിന് നിർദേശം

കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങളില്‍ അടിയന്തര നടപടി വേണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്ന് കണ്ടെത്തിയിരുന്നു. യുവതിയെ നാട്ടില്‍ എത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടില്‍ ആക്കി എന്നാണ് വിവരം. 20 പവനിലധികം ആഭരണങ്ങള്‍ പ്രതിയുടെ വീട്ടിലായിരുന്നു.പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കുമെന്ന് അറിയിച്ചിരുന്നു. ക്രൂരമര്‍ദ്ദനമാണ് പുത്തന്‍തുറ സ്വദേശിനിക്ക് ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്നതെന്നാണ് പരാതി. യുവതിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. നവവധുവിനെയാണ് ഭര്‍ത്താവ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. ഇതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. പ്രഷര്‍ കുക്കര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ചാര്‍ജര്‍, ബെല്‍റ്റ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. വിദേശത്ത് വെച്ചാണ് യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റത്.

ഭര്‍ത്താവിന് സംശയ രോഗമാണെന്നും കരഞ്ഞ് കാല് പിടിച്ചിട്ടും ഉപദ്രവം നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. തന്നെ അടിച്ചിട്ട് അയാള്‍ വീട്ടില്‍ വിളിച്ച് പറയുമായിരുന്നു. സൈക്കോപാത്ത് പോലെയാണ് തന്നോട് പെരുമാറിയത്. ഒടുവില്‍ വീട്ടുകാരാണ് യുവതിക്ക് ടിക്കറ്റ് എടുത്ത് നല്‍കി നാട്ടിലേക്ക് എത്തിച്ചത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുമാസം മുമ്പാണ് വിവാഹം കഴിഞ്ഞതെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നും യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് വലിയ ഭാഗ്യമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും പിതാവ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button