“എന്നും നിങ്ങളോടൊപ്പം…” നീലക്കുപ്പായം അഴിച്ചുവെച്ച് മിശിഹ; വികാരനിർഭരനായി വിടവാങ്ങൽ പ്രസംഗം

അർജൻ്റീനയുടെ ജേഴ്സിയണിഞ്ഞ് മിശിഹയുടെ അവസാന മത്സരവും കഴിഞ്ഞു… ഫുട്ബോൾ മാന്ത്രികൻ തൊടുത്ത അവസാന ഗോളിനും ലോകം സാക്ഷ്യം വഹിച്ചു… ബ്യൂണസ് അയേഴ്സിലെ തിങ്ങിനിറഞ്ഞ എൽ മോനുമെന്റൽ സ്റ്റേഡിയത്തിൽ തന്റെ വിടവാങ്ങൽ മത്സരത്തിൽ, 39കാരനായ താരം ഒരു ഗോളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി ബെനിനെതിരെ 3-0ന് അർജൻ്റീനക്ക് വിജയം സമ്മാനിച്ചു.വികാരനിർഭരമായ നിമിഷങ്ങളായിരുന്നു അത്. ആകാശ നീലയും വെള്ളയും കലർന്ന ജേഴ്സിയിൽ ഇനി താരത്തെ കാണാൻ കഴിയില്ല എന്ന സത്യം ഉൾകൊള്ളാൻ അത്ര എളുപ്പമായിരുന്നില്ല… എട്ടുതവണ ബാലൺ ഡി ഓർ നേടിയ മെസിക്ക്, തന്റെ ജേഴ്സിയിൽ തിളങ്ങിനിന്ന പത്താം നമ്പറിനെ അനുസ്മരിപ്പിക്കും വിധം പത്താം മിനിറ്റിൽ വലിയ കൈയടിയാണ് ലഭിച്ചത്.അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ (126) നേടിയ രണ്ടാമത്തെ താരമായും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (67) നൽകിയ താരമായും മെസി തന്റെ കരിയറിന് തിരശ്ശീലയിട്ടു. വിടവാങ്ങൽ പ്രസംഗത്തിൽ വികാരനിർഭരനായിരുന്നു മെസി. “ഈ ജേഴ്സിയോട് നന്ദി പറയുകയല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാനില്ല. കഴിഞ്ഞ 20 വർഷക്കാലം, ഏറ്റവും മോശം നിമിഷങ്ങളിൽ പോലും ഞാൻ പിൻമാറിയില്ല; മുന്നോട്ട് കുതിക്കാനും എന്റെ സർവ്വസ്വവും നൽകി ഇവിടെത്തന്നെ തുടരാനും ഞാൻ ആഗ്രഹിച്ചു,” മത്സരശേഷം മെസി പറഞ്ഞു.“അർജന്റീന ദേശീയ ടീമിനൊപ്പം തുടരാൻ കഴിയാത്തത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. എന്റെ ഇഷ്ടം മാത്രം നോക്കിയാൽ, ജീവിതകാലം മുഴുവൻ ഇവിടെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം അർജന്റീനയ്ക്ക് വേണ്ടി കളിക്കുക എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്” മെസി കൂട്ടിച്ചേർത്തു.അർജന്റീനയുടെ 2022 ഫിഫ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മെസിയുടെ ഈ അവസാന അധ്യായത്തിൻ്റെ ഭാഗമാകാൻ എത്തിയിരുന്നു. “2022ൽ, എന്റെ സ്വപ്നം മാത്രമല്ല, ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നവും സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അത് ഞങ്ങൾ സാധ്യമാക്കുകയും ചെയ്തു. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവ ഞങ്ങൾ നേടി… ഈ ദേശീയ ടീമിനൊപ്പം അനുഭവിച്ച എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്,” മെസി പറഞ്ഞു.
ടീം അംഗങ്ങൾക്കും നന്ദി പറയാൻ മെസി മറന്നില്ല. കുട്ടിക്കാലം മുതലേ കണ്ട സ്വപ്നത്തെ സാക്ഷാത്കരിക്കാൻ സഹായിച്ചതിന് മിശിഹ സപതാരങ്ങളോട് നന്ദി പറഞ്ഞു. “ഇന്ന് ഏറ്റവും സങ്കടകരമായ ദിവസങ്ങളിലൊന്നാണ്, കാരണം ഞാൻ ഇവിടെ നിന്ന് വിട പറയുകയാണ്. നിങ്ങളെയെല്ലാം ഞാൻ വല്ലാതെ മിസ് ചെയ്യും, എങ്കിലും ഞാൻ എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും. ഈ താരങ്ങളെയും അവർക്ക് ശേഷം വരുന്നവരെയും ഞാൻ പിന്തുണയ്ക്കും” മെസി പറഞ്ഞു. നിങ്ങളെയെല്ലാം ഞാൻ സ്നേഹിക്കുന്നു, ഒരു അർജന്റീനക്കാരനായതിൽ എനിക്ക് അഭിമാനമുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് താരം തൻ്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. അങ്ങനെ തൻ്റെ നീലക്കുപ്പായം അഴിച്ചുവച്ചിരിക്കുകയാണ് അർജൻ്റീനിയൻ ഇതിഹാസം…




