കളരിപ്പയറ്റ് അധ്യാപന മികവിന് മാറ്റ് കൂട്ടി ‘ഗുരുകുലം ഗുരുശിഷ്യ പരമ്പര’: ഫാക്കൽറ്റി എൻറിച്ച്മെന്റ് പ്രോഗ്രാം സമാപിച്ചു

കണ്ണൂർ: കേരള ഫോക്ലോർ അക്കാദമിയും കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ റൂറൽ ആർട്ട് ഹബും (RAH) സംയുക്തമായി സംഘടിപ്പിച്ച “ഗുരുകുലം ഗുരുശിഷ്യ പരമ്പര” ഫാക്കൽറ്റി എൻറിച്ച്മെന്റ് പ്രോഗ്രാം വിജയകരമായി സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 കളരികളിൽ നിന്നായി 96 ഗുരുക്കന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്.
RAH-യും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന കളരിപ്പയറ്റ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളുടെ സിലബസ് പരിചയപ്പെടുത്തുക, കോഴ്സുകൾക്ക് നേതൃത്വം നൽകുന്ന ഗുരുക്കന്മാർക്ക് ആവശ്യമായ പരിശീലനം നൽകുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. കോഴ്സുകളുടെ അക്കാദമിക് ഘടന, പരിശീലനരീതി, സിലബസ്, അധ്യാപന ശൈലികൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ട്രെയിനിംഗിലൂടെ പങ്കുവെച്ചു. കളരിപ്പയറ്റിന്റെ പരമ്പരാഗത അറിവുകളും ഗുരുശിഷ്യ ബന്ധവും സംരക്ഷിക്കുന്നതിനും, വിവിധ പാരമ്പര്യങ്ങളിൽ നിന്നുള്ള ഗുരുക്കന്മാർക്ക് പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനും പരിപാടി വേ വേദിയൊരുക്കി.
പരിപാടിയുടെ വിവിധ സെഷനുകളിൽ പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് ഗുരുക്കൾ, പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ, ഡോ. എസ്. മഹേഷ് ഗുരുക്കൾ, ഡോ. എ.കെ. വേണുഗോപാൽ ഗുരുക്കൾ, ഹരികൃഷ്ണൻ ഗുരുക്കൾ, മധു ഗുരുക്കൾ പുതുശ്ശേരി തുടങ്ങി കളരിപ്പയറ്റ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. സർട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്സുകളുടെ സിലബസ് വിശദീകരണത്തിലും പരിശീലനത്തിലും ഗുരുക്കന്മാർ സജീവമായി പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ അഡ്വ. ഇ. നാരായണൻ നായർ സ്വാഗതം ആശംസിച്ചു. ദിലീപ് കുമാർ എ. അധ്യക്ഷത വഹിച്ച യോഗം പി.പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. വേണുഗോപാൽ ഗുരുക്കൾ, ഹരികൃഷ്ണൻ ഗുരുക്കൾ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. രാധാകൃഷ്ണൻ കാവിൽ, മധു ഗുരുക്കൾ പുതുശ്ശേരി എന്നിവർ ആശംസകൾ നേർന്നു. ലക്ഷ്മി പ്രിയ കൃതജ്ഞത രേഖപ്പെടുത്തി.
അധ്യാപകരുടെ അക്കാദമിക്-അധ്യാപന മികവ് വർധിപ്പിക്കാനും കണ്ണൂർ സർവകലാശാലയുടെ കോഴ്സുകൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും പരിപാടി വലിയ രീതിയിൽ സഹായകമായെന്ന് സംഘാടകർ വ്യക്തമാക്കി.



