Uncategorized

ബിഹാറിൽ മദ്യം കടത്തിയ ലോറി അപകടത്തിൽപ്പെട്ടു; ഓടിക്കൂടിയ ജനക്കൂട്ടം മദ്യക്കുപ്പികൾ വാരിയെടുത്തു

പട്‌ന മദ്യനിരോധിത നിരോധിത
സംസ്ഥാനമായ ബിഹാറിലെ തിരക്കേറിയ റോഡിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്നും മദ്യം ശേഖരിക്കാൻ ആളുകളുടെ തിക്കുംതിരക്കും. അരാരിയ ജില്ലയിലെ റാണിഗഞ്ചിൽ വിദേശ മദ്യം അനധികൃതമായി കടത്തിയ മിനിലോറിയാണ് റോഡിലെ ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം മുഴുവനായും തകർന്നു. എന്നാൽ ഈ അവസരത്തിൽ ഓടിക്കൂടിയ ജനക്കൂട്ടം മദ്യക്കുപ്പികൾ കൈക്കലാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

ഡിവൈഡറിൽ ലോറി ഇടിച്ചുകയറിയുണ്ടായ ആഘാതത്തിൽ വാഹനത്തിൽനിന്നും കുറച്ച് മദ്യക്കുപ്പികൾ റോഡിലേക്ക് ചിതറിവീണു. ഇതുകണ്ടാണ് ആളുകൾ വാഹനത്തിനു മുകളിലേക്ക് വലിഞ്ഞുകയറി മദ്യം മോഷ്ട‌ിക്കാൻ ആരംഭിച്ചത്. അപകടത്തിൽപ്പെട്ടവരെ സഹായിക്കാതെയാണ് നാട്ടുകാർ മദ്യക്കുപ്പികൾക്കായി മത്സരിച്ചത്. സ്ത്രീകളും പ്രായമായവരും കുപ്പികൾ ശേഖരിക്കുന്നതിനായി ഓടിക്കൂടി. ചിലർ മദ്യക്കുപ്പികൾ എടുത്തപ്പോൾ മദ്യം വച്ചിരുന്ന പെട്ടിയോടെ കടത്തിയവരും ഉണ്ട്.

അതേസമയം അപകടത്തിനു ശേഷം ട്രക്കിന്റെ ഡ്രൈവർ സ്ഥലം വിട്ടതായും റിപ്പോർട്ടുകളുണ്ട്. അനധികൃതമായി കൊണ്ടുവന്ന മദ്യമായതിനാലാണ് പൊലീസിനെ ഭയന്ന് ഡ്രൈവർ രക്ഷപ്പെട്ടത്. വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോഴേക്കും മദ്യത്തിന്റെ നല്ലൊരു പങ്കും നാട്ടുകാർ കൊണ്ടുപോയി കഴിഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button