Uncategorized

കൊടികുത്തിമലയില്‍ ഇനി സഞ്ചാരികള്‍ക്ക് പുലരിയും അസ്തമയവും കാണാം; പ്രവേശന സമയം നീട്ടി

.
മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചം മലമുകളില്‍ നിന്ന് കാണാനും പകല്‍ അവസാനിക്കുന്ന നേരത്തെ ആകാശത്തിന്‍റെ വര്‍ണപ്പകിട്ട് ആസ്വദിക്കാനും ഇനി കൊടികുത്തിമലയിലേക്ക് പോകാം. സഞ്ചാരികള്‍ക്കായി സൂര്യോദയവും സൂര്യാസ്തമയവും കാണാനുള്ള സൗകര്യം ഒരുക്കി കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെ പ്രവേശന സമയം പുനഃക്രമീകരിച്ചു. പുതിയ സംവിധാനത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൊടികുത്തിമല പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്നവരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. മലമുകളിലെ കുളിര്‍കാറ്റും പച്ചപ്പും ചുറ്റുമുള്ള മലനിരകളുടെ കാഴ്ചയും വാച്ച് ടവറില്‍നിന്നുള്ള വിശാലമായ ദൃശ്യങ്ങളുമാണ് പ്രധാന ആകർഷണം. പുതിയ പ്രവേശനക്രമം നിലവില്‍ വന്നതോടെ പുലര്‍ച്ചെ എത്തുന്നവര്‍ക്ക് സൂര്യോദയവും വൈകീട്ട് എത്തുന്നവര്‍ക്ക് സൂര്യാസ്തമയവും മലമുകളില്‍നിന്ന് ആസ്വദിക്കാം. പുലര്‍ച്ചെ 1.30 മുതല്‍ വൈകുന്നേരം 6.30 വരെ ടിക്കറ്റ് എടുത്ത് പ്രവേശനം അനുവദിക്കും. സൂര്യാസ്തമയം കണ്ട ശേഷം രാത്രി 7.30ഓടെ സന്ദര്‍ശകര്‍ മലയില്‍ നിന്ന് പുറത്തിറങ്ങണം.തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പ്രവേശനം അനുവദിക്കും.

നേരത്തെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരുന്നു സന്ദര്‍ശകര്‍ക്ക് പ്രവേശനം. സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയിലാണ് സമയം പുനഃക്രമീകരിച്ചത്. പ്രത്യേകിച്ച് പുലര്‍ച്ചെയുള്ള പ്രകൃതിദൃശ്യങ്ങളും സൂര്യോദയവും വൈകീട്ടുള്ള അസ്തമയക്കാഴ്ചയും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ സമയക്രമം കൂടുതല്‍ സൗകര്യമാകും. ഇതോടെ അവധി ദിവസങ്ങളിലും മറ്റും കൊടികുത്തിമലയിലേക്ക് കൂടുതല്‍ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ ഒരേ ദിവസം ആസ്വദിക്കാനാകുന്ന ഇടമെന്ന നിലയില്‍ കൊടികുത്തിമലയുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ വിപുലമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button