മമതയ്ക്ക് തിരിച്ചടി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി; 4 അക്കൗണ്ടിലായുള്ളത് 440 കോടി

ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. ടിഎംസിയുടെ മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. ഭൂമിവിതരണ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പശ്ചിമബംഗാൾ പോലീസ് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഏകദേശം 440 കോടിയോളം രൂപയാണ് ഈ നാല് അക്കൗണ്ടുകളിലായുള്ളതെന്നാണ് വിവരം.വിഷയം കൽക്കട്ട ഹൈക്കോടതി പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്. വിഷയത്തിൽ വാദംകേട്ട കൽക്കട്ട ഹൈക്കോടതി തുടർവാദങ്ങൾ പൂജാ അവധിക്കുശേഷം കേൾക്കാൻ മാറ്റിവെച്ചിരിക്കുകയാണ്. വിഷയം ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി.വരാലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു.അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി രാഷ്ട്രിയപാർട്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്ന് മമതാവിഭാഗത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞു. അതേസമയം, രണ്ട് ടിഎംസി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ചൂണ്ടിക്കാണിച്ചാണ് പശ്ചിമബംഗാൾ സർക്കാരിനും പോലീസിനുംവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഇതിനെ പ്രതിരോധിച്ചത്. ഏതാണ് യഥാർഥ ടിഎംസി എന്ന വിഷയം ഇപ്പോൾ തിരഞ്ഞെടുപ്പുകമ്മിഷന് മുന്നിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




