Uncategorized

ചെന്നിത്തലയിൽ വെള്ളം തുറന്നുവിടാത്തത് ചോദ്യംചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; നാല് പ്രതികൾക്ക് ഏഴുവർഷം കഠിനതടവ്

മാന്നാർ(ആലപ്പുഴ): ചെന്നിത്തലയിൽ കനാലിലെ വെള്ളം തുറന്നുവിടാതിരുന്നത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ നാല് പ്രതികൾക്ക് ഏഴ് വർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും ശിക്ഷ. പരിക്കേറ്റയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി വിധിച്ചു. ഇരമത്തൂർ പരുവത്തറയിൽ മഞ്ഞ എന്ന് വിളിക്കുന്ന രമണൻ (53), കുമരേത്ത് ജയചന്ദ്രൻ (42), തോപ്പിൽ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജി പി പി പൂജ ശിക്ഷിച്ചത്.2019 മാർച്ച് 17ന് ഉച്ചയ്ക്ക് രണ്ടരയോടെ ചെന്നിത്തല മുണ്ടോലിക്കടവിന് സമീപം പമ്പാ ഇറിഗേഷൻ പ്രൊജക്ടിന്റെ സബ് കനാൽ ചീപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് തീരുമാനം അവഗണിച്ച് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പ്രതികൾ അടച്ചുവെച്ചതിനെ തുടർന്ന് ഇത് തുറന്നുനൽകണമെന്ന് വാർഡ് മെമ്പറായ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്. ഗോപാലകൃഷ്ണനെ തടഞ്ഞുനിർത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലിൽ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗോപാലകൃഷ്ണന്റെ കണങ്കാൽ അറ്റും അസ്ഥി ഒടിഞ്ഞും ഗുരുതരമായി പരിക്കേറ്റിരുന്നു. ഐ പി സി 323, 324, 326, 34 വകുപ്പുകൾ പ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്.

മാന്നാർ പൊലീസ് സബ് ഇൻസ്പെക്ടർ കെ മഹേഷ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യു ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി മാവേലിക്കര അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ ഹാജരായി. എസ് സി പി ഒ സുരേഷ് ബാബു പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button