ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം; കണ്ണൂരിൽ ഡിവൈഎഫ്ഐ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്കും കോഴിക്കോട് ആദായനികുതി ഓഫീസിലേക്കുമാണ് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ചുകൾ
കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായനികുതി ഓഫീസിലേക്കായിരുന്നു മാർച്ച്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതിഷേധിച്ചുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്.ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ. കെ എം സച്ചിൻ ദേവാണ് കണ്ണൂരിലെ മാർച്ച് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നും തെറ്റായ നടപടികളെ ചോദ്യം ചെയ്യുമെന്നും സച്ചിൻ ദേവ് പറഞ്ഞു. ഗ്യാനേഷ് കുമാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്നും എസ്‌ഐആറിലൂടെ നിരവധി വോട്ടർമാരെ വെട്ടിമാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പത്ത് മാസമായി ഗ്യാനേഷ് കുമാറിന്റെ നടപടികൾ ദുരൂഹമാണെന്നും ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളെ അദ്ദേഹം പിന്തുണയ്ക്കുകയാണെന്നും സച്ചിൻ ദേവ് ആരോപിച്ചു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്ഐ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




