കുറ്റിച്ചിറയിലെ വോട്ടുനില എല്‍ഡിഎഫിന് കരുത്തുപകരും: ഐഎന്‍എല്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഫാത്തിമ തഹിലിയ രാജിവെച്ച കുറ്റിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ പ്രതികരിച്ച് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍. കുറ്റിച്ചിറയിലെ വോട്ടുനില എല്‍ഡിഎഫിന് കരുത്തുപകരുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അഹമ്മദ് ദേവര്‍ കോവിലിന്റെ പ്രതികരണം.
‘ഉപ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐഎന്‍എല്‍ പ്രതിനിധി ടി ടി ജംഷീനക്ക് തുലാസ് അടയാളത്തില്‍ വോട്ടുചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും അഭിവാദ്യം ചെയ്യുന്നു. മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ കുറ്റിച്ചിറയില്‍ ഫാത്തിമ തഹിലിയ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും 2273 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി ജയിച്ച വാര്‍ഡ് ഇത്തവണ എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് കേവലം 436 വോട്ടിനാണ്. വി ഡി സതീശന്‍ നയിക്കുന്ന സംഘപരിവാര്‍ നിയന്ത്രിത ഭരണത്തിലെ അഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെയുള്ള പ്രബുദ്ധ വോട്ടര്‍മാരുടെ ശക്തമായ വിധി എഴുത്താണ് ഈ വോട്ടുനിലകള്‍. ഇടതുപക്ഷം അതിന്റെ വീഴ്ചകള്‍ തിരുത്തി ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍’, അഹമ്മദ് ദേവര്‍കോവില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.കുറ്റിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഫര്‍സീന 2711 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്റെ ജംഷീന ടി ടി 2275 വോട്ടുകളാണ് നേടിയത്. കുറ്റിച്ചറയില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്.



