ഒരുമാസത്തിനിടെ എത്തിയത് മൂന്ന് ഐഎഎസുകാർ; കെ എം എസ് സി എല്ലിന്റെ മേധാവി സ്ഥാനത്ത് ആളില്ല, ആരോഗ്യവകുപ്പിനെതിരെ വിമർശനം

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിൽ (കെ എം എസ് സി എൽ) മേധാവിസ്ഥാനത്ത് ആളില്ല. സംസ്ഥാനത്ത് ഗുരുതര മരുന്നു ക്ഷാമം നിലനിൽക്കുന്ന ഘട്ടത്തിലാണ് കെ എം എസ് സി എല്ലിലെ സുപ്രധാന പദവി ഒഴിഞ്ഞുകിടക്കുന്നത്. ഒരു മാസത്തിനിടെ കെ എം എസ് സി എൽ തലപ്പത്തേക്ക് എത്തിയത് മൂന്ന് ഐ എ എസുകാരാണ്.
കെ എം എസ് സി എൽ എംഡി ആയിരുന്ന രേണുരാജിനെ മാറ്റി അനു എസ് നായർക്ക് ചുമതല നൽകിയിരുന്നു. എന്നാൽ അനു എസ് നായർ ചുമതല ഏറ്റെടുത്തിരുന്നില്ല. പിന്നാലെ എച്ച് ദിനേശിന് കെ എം എസ് സി എൽ മാനേജിംഗ് ഡയറക്ടറുടെ ചുമതല നൽകി. എന്നാൽ എച്ച് ദിനേശും ചുമതല ഏറ്റെടുത്തിട്ടില്ല. നിലവിൽ ജനറൽ മാനേജരാണ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്നത്.ജനറൽ മാനേജർ ആകട്ടെ ബയോമെഡിക്കൽ എഞ്ചിനീയർ ആണ്. മരുന്നുമായി ബന്ധമില്ലാത്ത വ്യക്തിക്കാണ് ചുമതല. ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇടപെടലിൽ ഐഎഎസ് ഉദ്യോഗസ്ഥർ അതൃപ്തിയിലാണ്. കെ എം എസ് സി എൽ അഴിമതിയുടെ കേന്ദ്രമാകുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.




