ഇറാനെതിരെ ഉപരോധം കടുപ്പിച്ച് യുഎസ്; ഹോർമുസിൽ ഇരുപതിലേറെ യുദ്ധക്കപ്പലുകൾ വിന്യസിച്ചു

വാഷിങ്ടൺ: ഇറാന് മേലുള്ള ഉപരോധം കർശനമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ ഇരുപതിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് അമേരിക്ക ഈ നീക്കം നടത്തുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് റോസ് ഉൾപ്പെടെയുള്ളവ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കനുസരിച്ച് ഉപരോധം ലംഘിക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായും ര ണ്ടെണ്ണത്തിൽ പരിശോധനകൾ നടത്തിയതായും യുഎസ് സൈനിക കമാൻഡ് വ്യക്തമാക്കി.
അതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ പുതിയ ഷിപ്പിങ് പാതകൾ ഒരുക്കുന്നതിനായി ഇറാനും ഒമാനും തമ്മിലുള്ള കരാർ അവസാന ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.
എന്നാൽ, ഈ ജലപാത തുറക്കുന്നതിന് അമേരിക്ക തങ്ങളുടെ നിബന്ധനകൾ പാലിക്കണമെന്നാണ് ഇറാൻ്റെ നിലപാട്. എന്നാൽ, ഇറാൻ തങ്ങളുടെ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഉപരോധം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.




