മത്സ്യബന്ധന ബോട്ട് ഡ്രോൺ ആക്രമണത്തിൽ തകർത്തു; ട്രംപ് ഭരണകൂടത്തിനെതിരെ കേസുമായി ഇക്വഡോറിലെ മത്സ്യത്തൊഴിലാളികൾ

വാഷിംഗ്ടൺ: യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ച് ഇക്വഡോറിലെ ഒരുക്കൂട്ടം മത്സ്യത്തൊഴിലാളികൾ. പസഫിക് സമുദ്രത്തിൽ വെച്ച് തങ്ങളുടെ മത്സ്യബന്ധന ബോട്ട് ഡ്രോൺ ആക്രമണത്തിലൂടെ തകർക്കുകയും തൊഴിലാളികളെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് കേസ്. തിങ്കളാഴ്ച പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗ് ഫെഡറൽ കോടതിയിലാണ് 17 മത്സ്യത്തൊഴിലാളികൾ ചേർന്ന് ഹർജി നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടും, കരീബിയൻ-പസഫിക് സമുദ്രങ്ങളിൽ അമേരിക്ക നടത്തുന്ന സൈനിക ആക്രമണങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
കഴിഞ്ഞ മാർച്ച് 17-നാണ് ഇക്വഡോറിലെ മാൻ്റ തുറമുഖത്തുനിന്ന് മീൻപിടിക്കാൻ പോയ ‘ലാ നെഗ്ര ഫ്രാൻസിസ്ക ഡുവാർട്ടെ II’ എന്ന ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗാലപ്പഗോസ് ദ്വീപുകൾക്ക് സമീപത്തുനിന്ന് മീൻപിടിച്ച് മടങ്ങുകയായിരുന്ന ബോട്ട് ഇക്വഡോർ നാവികസേന രണ്ടു മണിക്കൂറോളം പരിശോധിച്ച് നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി വിട്ടയച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് യുഎസ് കപ്പലിൽ നിന്നെത്തിയ രണ്ട് ഡ്രോണുകൾ ബോട്ടിന് നേരെ ആക്രമണം നടത്തിയത്. ബോട്ടിന് തീപിടിച്ചതോടെ തൊഴിലാളികൾ കടലിലേക്ക് എടുത്തുചാടി. തുടർന്ന് ചെറിയ എമർജൻസി ബോട്ടുകളിൽ കയറി സമീപത്തു കണ്ട മറ്റൊരു കപ്പലിനടുത്തേക്ക് രക്ഷപ്പെടാനായി നീങ്ങി. എന്നാൽ യുഎസ് കോസ്റ്റ് ഗാർഡിൻ്റെ വസ്ത്രവും യുഎസ് പതാകയും ധരിച്ച, ഇംഗ്ലീഷ് സംസാരിക്കുന്ന സൈനികരാണ് ആ കപ്പലിലുണ്ടായിരുന്നത്. ഇവർ മത്സ്യത്തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി ഇവരെ കസ്റ്റഡിയിലെടുത്തു.
ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ജോർഡി അലക്സാണ്ടർ ഫ്ലോറസ് ലൂക്കാസ്, ലിയോണൽ ആൽബർട്ടോ പിലേ ബറഹോണ എന്നിവരിൽ ഒരാളെ ചികിത്സയ്ക്കായി കപ്പലിനുള്ളിലേക്ക് കൊണ്ടുപോയി. ഉദ്യോഗസ്ഥർ ഇയാളെ കളിയാക്കുകയും ബോട്ട് ബോംബിട്ട് തകർത്തത് എങ്ങനെയെന്ന് ബ്ലാക്ക് ബോർഡിൽ വരച്ചുകാണിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു. മറ്റ് തൊഴിലാളികളുടെ കൈകൾ കെട്ടിയിട്ട് മുഖം മൂടിയ ശേഷം, പൊള്ളുന്ന കപ്പൽത്തട്ടിൽ 24 മണിക്കൂറോളം ഭക്ഷണവും വെള്ളവുമില്ലാതെ നിർത്തിച്ചു. പിന്നീട് ഇവരെ എൽ സാൽവഡോറിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റുകയും മാർച്ച് അവസാനം വരെ അവിടെ തടവിലിടുകയുമായിരുന്നു.
‘ആ ബോട്ട് മാത്രമായിരുന്നു ഞങ്ങളുടെ ഏക ഉപജീവനമാർഗ്ഗം. ഇക്വഡോറിൽ ആരും ഞങ്ങളെ സഹായിക്കുന്നില്ല. ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ഞങ്ങൾ ജീവനോടെയിരിക്കുന്നത്’ എന്നായിരുന്നു ബോട്ടിൻ്റെ ക്യാപ്റ്റൻ ഹെർണൻ ഫ്ലോറസിനെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്. 2025-ൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം ലഹരിമരുന്ന് കടത്ത് തടയാനെന്ന പേരിൽ ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന സൈനിക നീക്കം ശക്തമാക്കിയിരുന്നു. 2025 സെപ്റ്റംബർ മുതൽ ഇതുവരെ ബോട്ടുകൾക്ക് നേരെ 71 ആക്രമണങ്ങൾ യുഎസ് നടത്തിയതായും ഇതിൽ 235 പേർ കൊല്ലപ്പെട്ടതായുമാണ് കണക്കുകൾ. കൊല്ലപ്പെട്ടവർ ലഹരിമരുന്ന് കടത്തുകാരല്ലെന്നും സാധാരണ മത്സ്യത്തൊഴിലാളികളാണെന്നും കാട്ടി കൊളംബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ സ്വദേശികളുടെ കുടുംബങ്ങളും നേരത്തെ നിയമനടപടി സ്വീകരിച്ചിരുന്നു.
ഹ്യൂമൻ റൈറ്റ്സ് വാച്ചിൻ്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ പിടിച്ചെടുത്ത എട്ട് ബോട്ടുകളിലെ 160 തൊഴിലാളികളിൽ ഭൂരിഭാഗം പേരെയും തെളിവില്ലാത്തതിനാൽ കോടതികൾ വിട്ടയക്കുകയാണ് ചെയ്തത്. അതേസമയം, മാർച്ച് 17-ലെ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നാണ് യുഎസ് സർക്കാരിൻ്റെ വാദം. എന്നാൽ യുഎസ് ചാരസംഘടനയായ സിഐഎയുടെ രഹസ്യ ദൗത്യത്തിൻ്റെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും ജനീവ കൺവെൻഷൻ്റെയും നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ വൈറ്റ് ഹൗസോ യുഎസ് നീതിന്യായ വകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.



