വലിയ നേട്ടവുമായി വയാനാട്: സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ല, ഓക്ടോബര്‍ രണ്ടിന് മന്ത്രി പ്രഖ്യാപിക്കും

കൽപ്പറ്റ: വയനാടിനെ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ലയായി ഓക്ടോബര്‍ രണ്ടിന് പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് പറഞ്ഞു. സമ്പൂര്‍ണ്ണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്, ക്ലീന്‍ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇ-മാലിന്യ ശേഖരണ യജ്ഞം സംബന്ധിച്ച് കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്താദ്യമായി മാതൃകാപരമായ ദൗത്യത്തിനാണ് ജില്ല തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ഇലക്ട്രോണിക് മാലിന്യ മുക്ത സ്ഥാപനങ്ങള്‍ എന്ന ഒന്നാം ഘട്ട പ്രഖ്യാപനം നടക്കും. ഇതിന് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതത് തദ്ദേശ പരിധിയിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്ക്ക് നിര്‍ദ്ദേശം നല്കി. ഹരിതകര്‍മ്മസേന ഉള്‍പ്പെടെ എല്ലാവര്ക്കും മാലിന്യ ശേഖരണ ദൗത്യത്തില്‍ നിശ്ചിത വരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് – നഗരസഭാ തലത്തിലുള്ള ഇ- മാലിന്യമുക്ത, പ്ലാസ്റ്റിക് രഹിത പ്രഖ്യാപനം വിപുലമായ ഒരുക്കങ്ങളിലൂടെ പൂര്‍ത്തിയാക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന-സാമുദായിക-മത സംഘടനകള്‍, റിസോര്‍ട്ടുകള്‍, മറ്റ് സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റസിഡന്‍ഷല്‍ അസോസിയേഷനുകള്‍ തുടങ്ങി എല്ലാവരെയും ദൗത്യത്തില്‍ പങ്കാളികളാക്കും. നവംബര്‍ ഒന്നിന് സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു



