Uncategorized

ഡല്‍ഹിയിലെ പീഡന പരമ്പര; സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബലാത്സംഗ പരമ്പരയില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീംകോടതി. ഡല്‍ഹി സര്‍ക്കാരിന്റെയും പൊലീസിന്റെയും പരാജയമെന്നാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഐക്യദാര്‍ഢ്യ പ്രഖ്യാപനം കൊണ്ട് മാത്രം സാമൂഹ്യ തിന്മയെ അകറ്റാനാവില്ല. ഭരണകൂടത്തിന്റെ ഉത്തരവാദിത്തം തീരുമാനിക്കപ്പെടണമെന്നും 2012ലെ നിര്‍ഭയ കേസിന് സമാനമായ കുറ്റകൃത്യമെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

ലേഡി ശ്രീറാം കോളേജിന് സമീപമുള്ള ആസ്ഥാ കുഞ്ച് പാര്‍ക്കില്‍ 17 കാരി പീഡനത്തിനിരയായത്, സ്വരൂപ് നഗറിലെ കൂട്ടബലാത്സംഗം, ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന ബസിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ആക്രമിക്കപ്പെട്ടത് തുടങ്ങിയ സമീപകാല സംഭവങ്ങള്‍ നിരീക്ഷിച്ചാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഭയമില്ലാതെ അന്തസോടെ ജീവിക്കാമുള്ള അന്തരീക്ഷം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. തെരുവ് വിളക്കുകളുടെ കുറവ്, നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം, പൊലീസിന്റെ പട്രോളിങ്ങിലെ പരാജയം എന്നിവ ഭരണപരമായ വീഴ്ചയാണെന്നും ഇത് അതിക്രമങ്ങള്‍ക്ക് കാരണമാണെന്നും കോടതി വിമര്‍ശനമുയര്‍ത്തി.

ആസ്ഥാ കുഞ്ച് പാര്‍ക്കില്‍ മുന്‍പും ലൈംഗികാതിക്രമ ശ്രമങ്ങള്‍ നടന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും പൊലീസ് അത് പരിഹരിക്കാനോ സുരക്ഷാ നിരീക്ഷണം ശക്തമാക്കാനോ തയ്യാറായില്ലെന്ന വാര്‍ത്ത തികച്ചും ഖേദകരമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പൊലീസിന്റെ വീഴ്ചകളെയും രൂക്ഷമായി വിമര്‍ശിച്ചു. കുറ്റകൃത്യം തടയുന്നതിനും ക്രമസമാധാനം സംരക്ഷിക്കുന്നതിനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഉദ്യോഗസ്ഥരില്‍ കൃത്യമായ ഉത്തരവാദിത്തം ചുമത്തുന്ന നടപടികളാണ് ആവശ്യമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പാര്‍ദിവാല, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button