Uncategorized

ഗോവയിൽ അർഹരായ വോട്ടർമാരും എസ്ഐആറിൽ പുറത്ത്; രണ്ട് കമ്മീഷണർമാർ എതിർപ്പറിയിച്ചിട്ടും ഗ്യാനേഷ് കുമാർ വഴങ്ങിയില്ല

പനാജി: എസ്ഐആർ നടപടിക്കിടെ ഗോവയിൽ 97 വോട്ടർമാരെ അർഹരെന്ന് കണ്ടെത്തിയിട്ടും അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട്. ഇതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാർ എതിർപ്പ് ഉന്നയിച്ചിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നത്രെ. ‘ദി ഇന്ത്യൻ എക്സ്പ്രസാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അർഹരെന്ന് കണ്ടെത്തിയ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കാൻ ഗോവയിലെ ഉദ്യോഗസ്ഥർ ഒരാഴ്ചയ്ക്കിടെ എട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇമെയിൽ അയച്ചിട്ടും നടപടിയുണ്ടായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 21ന് ഗോവയിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോഴും ഈ 97 പേർ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. എസ്ഐആർ നടപടിക്കിടെ ‘രേഖകളിൽ പൊരുത്തക്കേട്’ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ പേരുകൾ ഒഴിവാക്കിയത്. തുടർന്ന് ഇവർ അർഹത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി. ഇത് പരിശോധിച്ച ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഒ), അസിസ്റ്റന്റ് ഇആർഒമാർ എന്നിവർ 97 പേരെയും പട്ടികയിൽ ഉൾപ്പെടുത്താൻ അർഹരാണെന്ന് കണ്ടെത്തിയതായാണ് ഗോവ ചീഫ് ഇലക്ടറൽ ഓഫീസറുടെ കത്തുകളിൽ വ്യക്തമാക്കുന്നത്.

എന്നാൽ, പേരുകൾ ഒഴിവാക്കിയ തീരുമാനം തിരിച്ചെടുക്കാനുള്ള ‘റോൾബാക്ക്’ സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സോഫ്റ്റ്വെയറിൽ ലഭ്യമല്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഫെബ്രുവരി 11 മുതൽ 17 വരെ ഗോവയിലെ ഉദ്യോഗസ്ഥർ ഈ സൗകര്യം അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഇമെയിലുകൾ അയച്ചു. ഫെബ്രുവരി 18ന് കേന്ദ്ര തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ, ഇആർഒമാർക്കും അസിസ്റ്റന്റ് ഇആർഒമാർക്കും തിരുത്തൽ നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്നും സുപ്രിംകോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിന് ഐടി സംവിധാനം തടസ്സമാകരുതെന്നും വ്യക്തമാക്കി ഐടി വിഭാഗത്തിന് നിർദേശം നൽകിയിരുന്നു.

എന്നിട്ടും ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 97 പേരും ഉൾപ്പെട്ടില്ല.വോട്ടർപട്ടിക കൈകാര്യം ചെയ്യുന്നതിൽ ഇസിഐനെറ്റ് വഴി നിയന്ത്രണം കേന്ദ്രതലത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ സുഖ്‌ബീർ സിങ് സന്ധുവും വിവേക് ജോഷിയും നേരത്തെ രേഖപ്പെടുത്തിയിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അംഗങ്ങൾക്കിടയിൽ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളിൽ ഇന്നലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയിരുന്നു. ഭിന്നാഭിപ്രായങ്ങൾ സ്വാഭാവിക ചർച്ചകളുടെ ഭാഗമാണെന്നും തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപുള്ള നടപടിക്രമം മാത്രമാണ് ഭിന്ന വീക്ഷണങ്ങളെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു. എസ്ഐആർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുവരും ഔദ്യോഗികമായി രേഖാമൂലം പരാതി നൽകിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.പിന്നാലെയാണ് കമ്മീഷൻ്റെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button