ചിന്നക്കനാലിൽ വീണ്ടും വൻ കാട്ടാന ദൗത്യം അരിക്കൊമ്പൻ മാതൃകയിൽ ചക്കക്കൊമ്പനെയും മുറിവാലൻ പിടിയെയും മാറ്റും; കുങ്കിയാനകളെ ഉടനെത്തിക്കും

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പൻ മാതൃകയിൽ വീണ്ടും ബൃഹത്തായ കാട്ടാന ദൗത്യത്തിന് ഒരുങ്ങി വനംവകുപ്പ്. പ്രദേശത്ത് ഭീതി വിതക്കുന്ന ചക്കക്കൊമ്പൻ, മുറിവാലൻ, കൂടാതെ മറ്റൊരു പിടിയാന എന്നിവയെ മൂന്ന് മാസത്തിനകം മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് പദ്ധതി. ദീർഘകാലമായി പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ വനംവകുപ്പ് ഇതിന് തയ്യാറായിരുന്നില്ല. എന്നാൽ, പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യം തുടരുന്ന പശ്ചാത്തലത്തിലാണ് മൂന്ന് ആനകളെയും മാറ്റാനുള്ള നിർണായക തീരുമാനത്തിലേക്ക് വനംവകുപ്പ് കടന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ട് മാസത്തോളം സമയമെടുക്കും. ഇതിന്റെ ആദ്യപടിയായി പരിശീലനം ലഭിച്ച കുങ്കിയാനകളെ ഉടൻ തന്നെ പ്രദേശത്ത് എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. ആനകളെ മയക്കുവെടി വെക്കേണ്ട സ്ഥലം ഉൾപ്പെടെ നിർണയിക്കാനുമുള്ള തയ്യാറെടുപ്പുകളും ഉടൻ ആരംഭിക്കും. പ്രദേശത്തെ അനധികൃത ഫെൻസിങ്ങുകൾ പൊളിച്ചുനീക്കാനും തീരുമാനിച്ചിട്ടുണ്ട്. ആനകൾക്ക് സഞ്ചരിക്കാനുള്ള വഴി തടസ്സപ്പെടുന്ന രീതിയിലുള്ള എല്ലാ അനധികൃത വേലികളും ഉടൻ മാറ്റും. ആനകളെ പിടികൂടുന്നതിനായി സി.സി.എഫിൽ നിന്നുള്ള സർക്കാർ ഉത്തരവിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വിജയൻ്റെ കുടുംബത്തിന് വനംവകുപ്പ് ജോലിയും സംരക്ഷണവും ഉറപ്പുനൽകിയിട്ടുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് ചൊക്രമുടിയിലെ എക്കോ ടൂറിസം കേന്ദ്രത്തിൽ താൽക്കാലിക ജോലി നൽകും. പ്രദേശത്തിനായി പ്രത്യേകം ഒരു അഡീഷണൽ ആർ.ആർ.ടി സജ്ജമാക്കാനും തീരുമാനമാനിച്ചു.
മുമ്പ് അരിക്കൊമ്പനെ മാറ്റിയപ്പോൾ വലിയ നിയമപ്രശ്നങ്ങളും മൃഗസ്നേഹികളുടെ ശക്തമായ എതിർപ്പുകളും നേരിടേണ്ടി വന്നിരുന്നതിനാൽ ഇത്തവണ മൂന്ന് ആനകളെ മാറ്റുന്ന ദൗത്യത്തിന് മുൻപിലും വലിയ പ്രതിസന്ധികളുണ്ട്. എന്നിരുന്നാലും ആനകളെ ട്രാൻസ് ലൊക്കേറ്റ് ചെയ്യുകയല്ലാതെ പ്രദേശത്തെ പ്രശ്‌നത്തിന് മറ്റ് പരിഹാരങ്ങളില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.




