ED കത്തിലെ അന്വേഷണം സർക്കാരിനെതിരായ ജനവികാരങ്ങളിലെ ചർച്ചകളില്‍ നിന്ന് വഴിതിരിക്കാന്‍: കെ എസ് അരുണ്‍ കുമാര്‍

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചത് സര്‍ക്കാരിനെതിരായ ജനവികാരങ്ങളില്‍ നിന്നും വാഗ്ദാന ലംഘനങ്ങളില്‍ നിന്നും യൂടേണുകളില്‍ നിന്നും ചര്‍ച്ചകള്‍ മാറ്റിമറിക്കാന്‍ ആണെന്ന് സിപിഐഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിച്ചതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണത്തില്‍പ്പെടാത്തതുമായ തുക ഉള്‍പ്പെടെ അന്വേഷിക്കുമല്ലോയെന്നും അരുണ്‍ കുമാര്‍ ചോദിച്ചു. ലാവലിന്‍, നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത്, ബിരിയാണി ചെമ്പില്‍ സ്വര്‍ണക്കടത്ത്, ഈന്തപ്പഴത്തിന്റെ കുരുവിന്റെ ഉള്ളില്‍ ഉള്ള സ്വര്‍ണക്കടത്ത്, ഖുര്‍ആനിന്റെ ഉള്ളില്‍ വെച്ച് സ്വര്‍ണക്കടത്ത്, വടക്കാഞ്ചേരി ഫ്‌ളാറ്റ് അഴിമത് അടക്കം അന്വേഷിച്ച കേന്ദ്രത്തിൽ മുട്ടയിട്ടു തിരിച്ചുപോയ കാര്യം മറക്കരുതെന്നും കെ എസ് അരുണ്‍ കുമാര്‍ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ നീക്കത്തിനെതിരായ രൂക്ഷവിമര്‍ശനം.
രണ്ട് കമ്പനികള്‍ തമ്മില്‍ കരാറില്‍ ഒപ്പിട്ട് ബാങ്ക് അക്കൗണ്ട് വഴി ആദായനികുതി അടച്ച് കൈമാറിയ തുകയില്‍ സര്‍ക്കാരിന് എന്താണ് കാര്യമെന്നും അരുണ്‍ കുമാര്‍ ചോദിച്ചു. ‘ആദ്യം ആദായനികുതി വകുപ്പിന്റെ അന്വേഷണം….. തുടര്‍ന്ന് എന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ്…… പിന്നെ കമ്പനി കാര്യവകുപ്പിന്റെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം…….പിന്നെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ വക അന്വേഷണം……. തുടര്‍ന്ന് ഇഡിവക അന്വേഷണം. സെലക്ടീവ് പ്രോസിക്യൂഷന്‍….. സെലക്ടീവ് ലീക്കേജുകള്‍. ഈ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി കേരള പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തണമത്രേ!’, അരുണ്‍ കുമാര്‍ കുറിച്ചു.
അജ്ഞാതരായ ശതകോടീശ്വരന്മാരായ സുഹൃത്തുക്കളുടെ സൗജന്യ’സഹായങ്ങള്‍ക്കായി’ മത്സരിക്കുന്ന മന്ത്രിസഭയാണിതെന്നും അരുണ്‍ കുമാര്‍ വിമര്‍ശിച്ചു. വിദേശയാത്ര പോയ മന്ത്രിമാര്‍ എവിടെയാണ് എന്ന് അവര്‍ക്ക് പോലും അറിയാത്ത സ്ഥിതിയാണ്. ഹെലികോപ്റ്റര്‍ യാത്രയിലെ കറക്കം കഴിഞ്ഞ് ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ കറങ്ങുന്ന മുഖ്യമന്ത്രി. കോടിക്കണക്കിന് രൂപയുടെ ആഢംബര കാര്‍ സ്വകാര്യ വ്യക്തി സ്‌പോണ്‍സര്‍ ചെയ്തപ്പോള്‍ എല്ലാം നിയമവും ധാര്‍മികതയും മറന്ന് അത് സ്വീകരിച്ച തദ്ദേശമന്ത്രി. ഒരു വര്‍ഷം എടുക്കാന്‍ കഴിയുന്ന കടം നാലുമാസം കൊണ്ട് എടുത്തു തീര്‍ത്ത് പൂവില്‍ നിന്ന് തേന്‍ കുടിക്കുന്ന ധനകാര്യ മന്ത്രിയായ മുഖ്യമന്ത്രി എന്നിവരാണ് കേരളത്തിലേതെന്നും അരുണ്‍ കുമാര്‍ വിമര്‍ശിച്ചു.




