ചിറയിൻകീഴിലെ കൈയാങ്കളി; കെപിസിസി അധ്യക്ഷനെ കണ്ട് രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് യോഗത്തിനിടയിലുണ്ടായ കൈയാങ്കളി വിവാദം ചർച്ചയായിരിക്കെ രമ്യ ഹരിദാസ് എംഎൽഎ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. തന്റെ ഭാഗം വിശദീകരിക്കാനാണ് രമ്യ നേരിട്ട് നേതൃത്വത്തെ കണ്ടതെന്നാണ് സൂചന. പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ആശയവിനിമയത്തിലെ പോരായ്മകളുമാണ് ഒടുവിൽ കൈയാങ്കളിയിൽ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പഠിക്കാൻ മുതിർന്ന നേതാവ് എം.എം.ഹസൻ അധ്യക്ഷനായ സമിതി അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ നടപടികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംഭവത്തിൽ രമ്യയുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായതായി മുതിർന്ന നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. രമ്യക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ താക്കീതോടെ വിഷയം അവസാനിപ്പിക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.




