Uncategorized

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ്

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സും നിലപാടെടുത്തു. മുമ്പ് സ്വീകരിച്ച നിലപാട് ഹൈക്കോടതിയില്‍ വിജിലന്‍സ് തിരുത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ അനുമതിയില്‍ ഹൈക്കോടതിയാകും വിധി പറയുക. നേരത്തെ പ്രോസിക്യൂഷന്‍ നടപടിയില്‍ അനുമതി വേണമെന്നായിരുന്ന വിജിലന്‍സിന്റെ നിലപാട്.

പിന്നാക്ക വകുപ്പ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന നിലപാട് മുമ്പ് തന്നെ സ്വീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ ആശയക്കുഴപ്പമുണ്ടെന്ന് നിരീക്ഷിച്ച കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് ഇനി പ്രോസിക്യൂഷന്‍ അനുമതിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്. സര്‍ക്കാര്‍ വകുപ്പുകളുടെ നിലപാട് വിരുദ്ധമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിയമപരമായ നിലപാട് തേടിയിരുന്നു. എന്നാല്‍ ഇതില്‍ പ്ലീഡര്‍ക്ക് കൃത്യമായ നിലപാട് പറയാന്‍ കഴിയാതിരുന്നത് കോടതിയെ ചൊടിപ്പിച്ചു.പിന്നാലെ സര്‍ക്കാര്‍ അഭിഭാകനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കോടതി ഉയര്‍ത്തിയത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയോട് തെറ്റ് ചെയ്തുവെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കഴിവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അഭിഭാഷകനായി തുടരാന്‍ യോഗ്യതയില്ലാത്ത ആളാണ് പ്ലീഡര്‍. എത്രയും വേഗം സ്ഥാനമൊഴിയണം എന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സ്ഥാനത്തേക്ക് സര്‍ക്കാര്‍ മറ്റൊരു അഭിഭാഷകനെ നിയോഗിക്കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പിന്നാലെയാണ് അഭിഭാഷകനോട് കേസ് തുടര്‍ന്ന് ചര്‍ച്ച ചെയ്യാനില്ലെന്നും വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണോ എന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞത്.

ആറുവര്‍ഷം മുന്‍പ് 2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പകള്‍ എടുത്ത ശേഷം, എസ്എന്‍ഡിപി യൂണിയനുകള്‍ അത് അംഗങ്ങള്‍ക്ക് കൂടിയ നിരക്കില്‍ നല്‍കിയതാണ് മൈക്രോഫിനാന്‍സ് കേസുകള്‍ക്ക് ആധാരം. വായ്പ നല്‍കാതെ നിര്‍ധന സ്ത്രീകളുടെ പേരില്‍ വ്യാജരേഖകള്‍ കാണിച്ച് വന്‍ തുകകള്‍ തട്ടിയെടുത്തു എന്ന കേസുകളും ഇതിലുണ്ട്.മൈക്രോഫിനാന്‍സ് പദ്ധതികളുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയിരുന്ന കെ കെ മഹേശന്‍ അക്കാരണം കൊണ്ട് തന്നെ പ്രതിയായി. എന്നാല്‍ പ്രതിപ്പട്ടികയില്‍ ആദ്യ സ്ഥാനത്ത് എത്തിയ വെള്ളാപ്പള്ളിയും സംഘവും ഒത്തുകളിച്ച് തന്നെ മാത്രം കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശങ്കപ്പെട്ടാണ് മഹേശന്‍ ജീവനൊടുക്കിയത് എന്നാണ് ആരോപണം. ആറുവര്‍ഷം എത്തുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കപ്പെട്ടിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സുധീരന്‍ വീണ്ടും നല്‍കിയ കത്തിലാണ് കേസിന് വീണ്ടും ജീവന്‍വെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button