സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിന്റെ വക്കിൽ

അടച്ചു പൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. സബ്‌സിഡി നിരക്കിൽ അരിയും ലഭിക്കാതെ ആയതോടെ വലിയ പ്രതിസന്ധിയിലാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാർ. കോഴിക്കോട് ജില്ലയിലെ പല ജനകീയ ഹോട്ടലുകളും ഇതിനകം അടച്ചു പൂട്ടിക്കഴിഞ്ഞുവെന്നത് ആശങ്ക വർധിപ്പിക്കുന്നു.കുടുംബശ്രീയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് യുഡിഎഫ് സർക്കാറിന്റെ നടപടി. സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയതോടെ പൊതുവിപണിയിൽ നിന്ന് കൂടിയ വിലയ്‌ക്ക് അരി വാങ്ങാനാകാതെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ. ഇതിനകം ഇരുന്നൂറിലേറെ ഹോട്ടലുകൾ പ്രവർത്തനം നിർത്തി. ഇവയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരത്തിലേറെ സ്‌ത്രീകൾ പെരുവഴിയിലായി.
പുതിയ സർക്കാർ വന്നെങ്കിലും സബ്‌സിഡി അരിക്കായുള്ള കുടുംബശ്രീ മിഷന്റെ കത്തിൽ, പഠിച്ചിട്ടാകാമെന്ന് പറഞ്ഞ് തീരുമാനം നീട്ടി. കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം ലഭിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളെ തകർക്കുന്ന നിലപാട് സംസ്ഥാന സർക്കാർ തിരുത്തണം എന്നാണ് പൊതുജനാഭിപ്രായം.വിശപ്പുരഹിത കേരളം പദ്ധതിയിൽ 2020–21ലാണ് എൽഡിഎഫ് സർക്കാർ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ആലപ്പുഴ മണ്ണഞ്ചേരിയിലെ മാതൃകാപദ്ധതി വിജയമായതിന്റെ ചുവടുപിടിച്ചാണിത്. 20 രൂപയ്‌ക്ക് ഉൗണു നൽകുകയായിരുന്നു ലക്ഷ്യം. ഒരു തദ്ദേശസ്ഥാപനത്തിൽ ഒന്നു വീതമെങ്കിലും ആയിരം ഹോട്ടൽ തുടങ്ങാനായിരുന്നു തീരുമാനം. 1198 എണ്ണം ഹോട്ടലുകൾ തുറന്നു. ആറായിരത്തിലേറെ സ്‌ത്രീകൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ഉപജീവനമാർഗവുമായി. 20 രൂപയ്‌ക്ക് ഉൗണുതുടങ്ങിയത് പലർക്കും ആശ്വാസമായി. ഉൗണിന് 10 രൂപ സർക്കാർ സബ്‌സിഡി നൽകി. സാമ്പത്തിക പ്രതിസന്ധിയിലും 171 കോടിരൂപ കുടിശ്ശികയില്ലാതെ വിതരണം ചെയ്‌തു.എന്നാൽ, കുടുംബശ്രീയോട് എക്കാലത്തും ശത്രുതാ നിലപാടെടുക്കുന്ന യുഡിഎഫ് അതിന് ബദലായി കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജനശ്രീയെ പിന്തുണച്ചു. 31 ലക്ഷം സ്‌ത്രീകൾക്ക് മാസം ആയിരം രൂപ നൽകുന്ന മുഖ്യമന്ത്രിയുടെ സ്‌ത്രീസുരക്ഷാ പദ്ധതി നിർത്തിയതും സർക്കാരിന്റെ സ്‌ത്രീവിരുദ്ധ നിലപാടിന്റെ ഭാഗം.




