Uncategorized
തൃശ്ശൂർ ചാലക്കുടിയിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ചാലക്കുടി അന്നനാട്ടിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നനാട് ത്രിവേണി ജംഗ്ഷന് സമീപം താമസിക്കുന്ന മാത്യൂസ് (71) ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് കൊരട്ടി പൊലീസ് വ്യക്തമാക്കി. ഭാര്യയും മക്കളും വിദേശത്തായതിനാൽ മാത്യുസ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ച് വന്നിരുന്നത്.കഴിഞ്ഞ രണ്ട് ദിവസങ്ങളായി അദ്ദേഹത്തെ പുറത്ത് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ സമീപവാസികൾ കൊരട്ടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മാത്യൂസിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും എത്തി തെളിവെടുപ്പും പരിശോധനയും നടത്തി. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.




