Uncategorized

സിനിമകള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ല,ആവശ്യപ്പെട്ടത് വിശദ പരിശോധന:IDSFFK വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി: IDSFFKയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ആറ് സിനിമകൾക്ക് വിശദമായ പരിശോധന ആവശ്യപ്പെടുകയാണ് ചെയ്തത്. സിനിമകളുടെ പ്രമേയം പരിഗണിച്ച് ചില ചിത്രങ്ങള്‍ ബന്ധപ്പെട്ട മേഖലാ അധികാരികളുടെ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. 31 സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സിനിമകളുടെ പ്രദര്‍ശനം തടയുന്നത് പുനഃപരിശോധിക്കണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

ഡോക്യുമെന്ററികള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ എ റഹീം എം പി ആവശ്യപ്പെട്ടു. പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് ചലച്ചിത്ര അക്കാദമി കത്തുനല്‍കുകയും ചെയ്തിരുന്നു.

സെപ്റ്റംബര്‍ 25 മുതല്‍ 30 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിക്കാതിരുന്നത്. ‘ഗ്‌ളോബ്’ എന്ന മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button