ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കി; ക്യാമ്പസിൽ വൻ പ്രതിഷേധം

മുംബൈ: വിദ്യാർഥി ജീവനൊടുക്കിയതിന് പിന്നാലെ ബോംബെ ഐഐടിയിൽ വൻ പ്രതിഷേധം. രണ്ടാംവർഷ എനർജി സയൻസ് എൻജിനിയറിങ് വിദ്യാർഥിയായ സാഹിൽ വാകോഡെയുടെ മരണത്തിലാണ് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധിച്ചത്. പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ശ്രമിച്ചതിന് സാഹിലിനെ പിടികൂടിയെന്നും ഇതേത്തുടർന്ന് ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർഥികളുടെ ആരോപണം. ഐഐടി അധ്യാപകരുടെയും അധികൃതരുടെയും ഭീഷണിയെത്തുടർന്നാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ ആരോപിച്ചു
കഴിഞ്ഞദിവസം നടന്ന പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. സാഹിൽ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ് ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, കോപ്പിയടി ശ്രമം പിടികൂടിയെങ്കിലും വിദ്യാർഥിക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അധ്യാപകനും വകുപ്പ് മേധാവിയും വിദ്യാർഥിയെ വിളിച്ചുവരുത്തി വിഷയം ചർച്ചചെയ്തു. വിദ്യാർഥിയെ ഉപദേശിച്ചു. ഇതിന്റെ പേരിൽ അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന നടപടികളുണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, അധ്യാപകരും വകുപ്പ് മേധാവിയും വിളിച്ചുവരുത്തിയതിന് പിന്നാലെ സാഹിൽ ഹോസ്റ്റൽ മുറിയിലേക്കാണ് മടങ്ങിയത്. പിന്നീട് ഇവിടെവെച്ച് ജീവനൊടുക്കുകയായിരുന്നു. മറ്റുവിദ്യാർഥികളാണ് സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്




