Uncategorized

ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്: ‘പ്രതിക്ക് ക്രിമിനൽ പശ്ചാത്തലം, പിടിച്ച മദ്യത്തിന്റെ അളവ് കൂടുതൽ, ജാമ്യം തരാനാകില്ല’ -കോടതി

സുൽത്താൻ ബത്തേരി: അബ്‌കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജാമ്യാപേക്ഷ തള്ളിയതോടെ ആന്റോ റിമാൻഡിൽ തുടരും. പ്രതിക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, വീട്ടിൽ നിന്നും പിടിച്ചെടുത്ത മദ്യത്തിൻന്റെ അളവ് വളരെ കൂടുതലാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും പിടിച്ചെടുത്ത മദ്യത്തിന്റെ അളവ് കൂടുതലായതിനാലും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്തുമായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം, ആന്റോ അഗസ്റ്റിൻ്റെ പേരിൽ അല്ല വീട് എന്ന വാദം കോടതി തള്ളി. പിന്നീട് പരിഗണിക്കേണ്ട തെളിയിക്കപ്പെടേണ്ട വിഷയമാണിതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും പ്രതിക്കും ബന്ധുക്കൾക്കും (വാട്സാപ്പ് മുഖേന ഉൾപ്പെടെ) അറസ്റ്റ് വിവരങ്ങളും കാരണങ്ങളും കൃത്യമായി കൈമാറിയിട്ടുണ്ടെന്നും അറസ്റ്റ് നടപടികളിൽ നിയമലംഘനമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജാമ്യം തേടി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും.

കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെത്തി വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘമാണ് ആൻാ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആൻ്റോയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വൻതോതിൽ ശേഖരിച്ച് വെച്ച മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥർ ആൻ്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു.

മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ എക്സൈസ് ഉദ്യോഗസ്ഥരിൽ നിന്ന് മർദ്ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി. വലിയ തോതിൽ മദ്യം കണ്ടെടുത്തതിനാൽ കേസിൽ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.

പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button