അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദ്ദേശപ്രകാരമല്ല; റിപ്പോർട്ടർ ചാനൽ റെയ്ഡിനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല

റിപ്പോർട്ടർ ചാനൽ റെയ്ഡിനെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണസംഘം ഏത് രീതിയിൽ പ്രവർത്തിക്കണമെന്നത് സർക്കാരിൻ്റെ നിർദ്ദേശപ്രകാരമല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ന്യായീകരണം. സർക്കാർ പ്രവർത്തിച്ചത് നിയമാനുസൃതമായാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടിക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ ഇടപെടാൻ പാടില്ല എന്ന സമീപനമാണ് സർക്കാരിനെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഒരു മാധ്യമ വേട്ടയും നടന്നിട്ടില്ലെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും പറഞ്ഞു. ഒരു പത്രപ്രവർത്തകനോടും മോശമായി പെരുമാറിയിട്ടില്ലെന്നും പ്രക്ഷേപണം നിർത്തിവച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേമസമയം, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററുടെ എംഡിഎംഎ കേസിൽ അന്വേഷണവും അട്ടിമറിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൊടുപുഴയിൽ എഡിഎംഎ ഉപയോഗിച്ച കേസിൽ കോൺഗ്രസ് നേതാവ് സനീഷ് ജോർജിൻ്റെ കേസിലും നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി. എന്നാൽ സനീഷ് ജോർജിനെയും സുഹൃത്തിനെയും മെഡിക്കൽ പരിശോധന നടത്താതെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.




