Uncategorized

തൃപ്പൂണിത്തുറയിൽ വൈദ്യുതി തടസപ്പെടുത്തി സാമൂഹിക വിരുദ്ധർ; ട്രാൻസ്ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരിയെറിഞ്ഞു

കോച്ചി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ എറണാകുളം തൃപ്പൂണിത്തുറയില്‍ വൈദ്യുതി തടസ്സപ്പെടുത്തി സാമൂഹിക വിരുദ്ധര്‍. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലെ രണ്ട് ട്രാന്‍സ്ഫോര്‍മറുകളില്‍ നിന്നാണ് ഫ്യൂസ് ഊരിയത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് ഒന്നര മണിക്കൂറില്‍ ഏറെ വൈദ്യുതി തടസപ്പെട്ടു. സംഭവത്തില്‍ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ കെഎസ്ഇബിയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.വെള്ളക്കിനാവിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ഊരിമാറ്റിയ ഫ്യൂസ് തോട്ടില്‍ കളഞ്ഞ നിലയിലും മറ്റേത് തകര്‍ത്ത നിലയിലുമായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. നേരത്തെ പറവൂരിലും സമാനമായ സംഭവം ഉണ്ടാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അടൂർ നെടുംകുളഞ്ഞിയിലും സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിയതിൽ കെഎസ്ഇബി പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം പ്രതിസന്ധിയ്ക്കിടെ കല്‍പ്പറ്റ നഗരത്തിൽ പട്ടാപകൽ വൈദ്യുതി പാഴാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചുങ്കം ജംങ്ഷൻ സ്‌കൂള്‍ മുതല്‍ അയപ്പക്ഷേത്രം വരെയുള്ള പരിസരങ്ങളിലെ എട്ട് തെരുവ് വിളക്കുകളാണ് ആഴ്ചകളായി പകല്‍ സമയങ്ങളില്‍ കത്തി നില്‍ക്കുന്നത്. എന്നാല്‍ പകല്‍ സമയങ്ങളില്‍ കത്തുന്ന വിളക്കുകള്‍ രാത്രികാലങ്ങളില്‍ തെളിയാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കെഎസ്ഇബിയെ വിവരം അറിയിച്ചിരുന്നുവെന്നും മുനിസിപ്പാലിറ്റിയില്‍ വിവരം അറിയിക്കാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും സംഭവത്തില്‍ ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. പത്തനംതിട്ടയിലും സമാനമായി പകല്‍ സമയങ്ങളില്‍ തെരുവ് വിളക്കുകൾ കത്തി നില്‍ക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button